ചങ്ങനാശേരി: തൃക്കൊടിത്താനം മണികണ്ഠവയലിൽ കഞ്ചാവ് മാഫിയകളുടെ വിളയാട്ടം. നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃക്കൊടിത്താനം മണികണ്ഠവയൽ പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടമാണ്. റോഡിലൂടെ നടന്നു പോയവരെ മർദ്ദിച്ചവശരാക്കി. മണികണ്ഠ വയൽ പുതുപ്പറമ്പിൽ സുജിത് ജി.പി, കുന്നത്തുശേരിൽ സനൽ, കോലത്തുംവേലിൽ സിജോ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരങ്ങളിലും, രാത്രിയിലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ ഉള്ളതെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ് മണികണ്ഠവയൽ. പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും പൊലീസ് സ്ഥലത്ത് പെട്രോളിംഗോ, പരിശോധനയോ നടത്തുന്നില്ലെന്നും പ്രദേശ വാസികൾ പറയുന്നു. സ്ത്രീകൾക്കും, കുട്ടികൾക്കും ഇവരിൽ നിന്ന് അക്രമമുണ്ടാകാറുണ്ട്. ആകെ ഭീതിയിലാണ് നാട്ടുകാർ കഴിയുന്നത്. പോലീസ് അടിയന്തിരമായി പ്രദേശത്ത് നൈറ്റ് പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ബി.ജെ.പി പ്രകടനവും പ്രതിഷേധവും
മണികണ്ഠ വയൽ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ കഞ്ചാവ് മയക്കു മരുന്നു മാഫിയകൾ വിലസുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ സുനിൽ, ഒ.ടി സുനു എന്നിവർ ആവശ്യപ്പെട്ടു.