
പരിഹസിച്ചു പവിത്രീകരിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ തുടക്കമിട്ട 'തിരുനക്കര ചുറ്റുവട്ടം" കോളം 36-ാം വർഷത്തിലേക്ക് കടക്കുന്നു. സമൂഹത്തിന് നേരേ പിടിച്ച കണ്ണാടിയായി മുഖം നോക്കാതെ വിമർശിച്ച ആക്ഷേപഹാസ്യ കോളം. മുടങ്ങാതെ 36 വർഷത്തിലേക്ക് കടക്കുന്നത് മലയാള മാദ്ധ്യമ ചരിത്രത്തിലെ അപൂർവതയാണ്. മീഡിയ അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ് മനോരമ വാരികയിൽ 'കഥക്കൂട്ട് " കോളത്തിൽ തിരുനക്കരചുറ്റുവട്ടം പിന്നിട്ട വഴികളെ കുറിച്ച് എഴുതിയിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം 'തിരുനക്കര ചുറ്റുവട്ടം " പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചിരുന്നു.
മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ നിരവധി നേതാക്കളെയും സാമൂഹ്യ സാംസ്കാരിക രാഷ്ടീയ രംഗത്തെ നെറികേടുകളെയും കോളത്തിൽ വിമർശിച്ചിട്ടുണ്ട്. വിമർശനം ആസ്വദിച്ചതല്ലാതെ ആരും പരിഭവം പറഞ്ഞിട്ടില്ല. രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും പല പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു തന്നതിനാൽ വിഷയ ദാരിദ്ര്യവും ഉണ്ടായിട്ടില്ല.എല്ലാ തിങ്കളാഴ്ചയും കോളം കണ്ടില്ലെങ്കിൽ വിളിച്ച് അന്വേഷിക്കുന്ന തരത്തിൽ കോളത്തിന്റെ ജനകീയത മുഖം നോക്കാതുള്ള വിമർശനം ഇഷ്ടപ്പെടുന്നതിന്റെ തെളിവായി.
നാടകാചാര്യൻ എൻ.എൻ.പിള്ളയുമായുള്ള സൗഹൃദമാണ് അദ്ദേഹം നാടകത്തിൽ ചെയ്യുന്നതുപോലെ പരിഹസിച്ചു പവിത്രീകരിക്കുന്ന കോളത്തിന്റെ തുടക്കത്തിന് കാരണം. പുഴുക്കുത്തുവീണ സമൂഹത്തെ വിമർശനത്തിന്റെ മരുന്നു പുരട്ടി സുഖപ്പെടുത്തുക അറ്റകൈയ്ക്കു ശസ്ത്രക്രിയക്കു വിധേയമാക്കാനുമായിരുന്നു ശ്രമം. തിരുനക്കര കോട്ടയത്തിന്റെ ഹൃദയമാണ്. അതിന്റെ ചുറ്റുവട്ടത്തു പലരും കാണാതെ പോകുന്നതും കണ്ടിട്ടും കണ്ണടക്കുന്നതുമായ വിഷയങ്ങൾക്കൊപ്പം സംസ്ഥാന ദേശീയ വിഷയങ്ങൾ വരെ ചർച്ച ചെയ്തു.പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ തന്നു സഹായിച്ച രാഷ്ടീയ നേതാക്കളും പൗരപ്രമുഖരുമുണ്ട്. അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.
കാലുമാറ്റം, , വികസന വിരോധ രാഷ്ടീയം, സർക്കാർ ഓഫീസുകളിലെ കൈക്കൂലി, ജീവനക്കാരുടെ കെടുകാര്യസ്ഥത , നന്നാക്കിയതിന് പിറകേ റോഡ് വെട്ടിപ്പൊളിക്കുന്ന ക്രൂരത ,ഓട്ടേറിക്ഷ, സ്വകാര്യ ആശുപത്രി, ഹോട്ടൽ തട്ടുകടകൾ അമിത നിരക്ക് ഈടാക്കിയുള്ള പിടിച്ചുപറി, കർഷകരുടെ പ്രശ്നങ്ങൾ , ഹർത്താൽ ,പ്രകടനം ,ഗതാഗത തടസം , തെരുവ് നായ പ്രശ്നം, മാലിന്യ സംസ്കരണം തുടങ്ങി ചുറ്റവട്ടത്തിൽചർച്ച ചെയ്യാത്ത വിഷയങ്ങളില്ല. പലതിനും പരിഹാരം കണ്ടെത്താനുമായി.
പല പബ്ലിസിറ്റി വീരന്മാരുടെ തൊലി ഉരിച്ചു കാട്ടി. ആരുടെയും മുഖം നോക്കാതെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ നട്ടെല്ല് ഉയർത്തിപ്പിടിച്ചായിരുന്നു വിമർശനം. ജനകീയ ഉദ്യോഗസ്ഥരെ പ്രശംസിച്ചിട്ടുണ്ട്. മത തീവ്രവാദരാഷ്ടീയത്തിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളാനാവാതെ പത്രം കത്തിച്ചവരും ഫോണിലൂടെചീത്തവിളിച്ചവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. എന്നിട്ടും നിലപാട് മാറ്റിയിട്ടില്ല.
ഇതുവരെ വിമർശിച്ചവർക്കും ചീത്തവിളിച്ചവർക്കും പ്രശംസിച്ചവർക്കും ഒരായിരംനന്ദി.