
ചങ്ങാശേരി: ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായം ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ഭാവിയിൽ ഒറ്റപ്പെടും. ആരും കൂടെയുണ്ടാവില്ല. സൂക്ഷിച്ചില്ലെങ്കിൽ അവരുടെ മുറ്റത്ത് കുഴികുത്തി ഇലയിൽ കഞ്ഞികുടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.
രാഷ്ട്രീയ പാർട്ടികളാരും എൻ.എസ്.എസിനെ പരിഗണിക്കുന്നില്ല. ഇലക്ഷൻ സമയത്ത് വന്നുപോകുന്നതല്ലാതെ കോൺഗ്രസുകാർ തിരക്കി പോലും വരില്ല. ഗവൺമെന്റും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുപോലെ ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അവർക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കുന്നു. മാറ്റങ്ങളുണ്ടാക്കുന്നു. ചരിത്രങ്ങൾ പോലും തിരുത്തി എഴുതാൻ തയ്യാറാവുന്നു. ഇത് നമ്മൾ തിരിച്ചറിയണം. സമുദായാംഗങ്ങൾ ഏത് രാഷ്ട്രീയത്തിൽ വേണമെങ്കിലും പൊക്കോളൂ. പക്ഷേ, പെറ്റതള്ളയെ തള്ളിപ്പറയരുത്.
സംഘടനയെ ശക്തമായി പിടിച്ചു നിറുത്തുന്നത് നായർ സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ബലിഷ്ഠമായ അടിത്തറയുണ്ടാക്കാൻ മന്നത്തിന് കഴിഞ്ഞതിനാലാണ്. അതിന്റെ ശക്തികൊണ്ടാണ് പലരും നമ്മളെ നേരിട്ട് നേരിടാൻ വരാത്തത്. സംഘനടയ്ക്ക് ദോഷം വരുന്നതൊന്നും സമുദായാംഗങ്ങൾ ചെയ്യരുത്. സമുദായത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ മറ്റുള്ളവർ ഇടപെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുത്. എൻ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നവർ മന്നത്ത് പത്മനാഭൻ എഴുതിയ ഭരണഘടന മാറ്റി എഴുതണം എന്നാണ് ആവശ്യപ്പെടുന്നത്. ആ ഭരണഘടനയിൽ ഒരു മഷിത്തുള്ളി പോലും വീഴാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ വിഭാഗം മേധാവി വി.വി.ശശിധരൻ നായർ നന്ദി പറഞ്ഞു.