
ചങ്ങനാശേരി: ജാതി സെൻസസിൽ നിന്ന് സർക്കാരുകൾ പിൻമാറണമെന്ന് അഖില കേരള നായർ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതി സംവരണം. സ്വാതന്ത്യം ലഭിച്ച് 10 വർഷത്തേക്ക് തുടങ്ങിവച്ച സംവരണം, വർഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാത്തതിൽ നിന്നുതന്നെ അതിന്റെ അശാസ്ത്രീയത വെളിപ്പെടുന്നു.
ജാതിസംവരണം വിവിധ ജാതികൾ തമ്മിലുളള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും വഴിതെളിക്കും. ജാതിസംവരണത്തിന്റെ പേരിൽ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസ,തൊഴിൽ യോഗ്യതയിൽ വെള്ളം ചേർക്കുന്നു. സാമൂഹ്യനീതിക്കു വേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള വിശാലനടപടികളാണ്. പിന്നാക്കജാതിയിലെ മുന്നാക്കക്കാർ സംവരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ അനുഭവിക്കുകയും പിന്നാക്കാവസ്ഥയിലുള്ളവർ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും ഗുരുതരം. സംവരണമുള്ള ജാതിക്കാരും സംവരണാനുകൂല്യമില്ലാത്തവരും പരസ്പരം വൈരികളായി മാറുന്ന സവർണ-അവർണസംസ്‌കാരം ജാതിസംവരണമാണ്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും തൊഴിൽപരമായും പിന്നാക്കം നിൽക്കുന്നവരെ ജാതിമത വ്യത്യാസമില്ലാതെ മുഖ്യധാരയിൽ എത്തിക്കാൻ ഭരണകൂടങ്ങൾക്ക് ബാദ്ധ്യതയുണ്ട്.
വോട്ടുരാഷ്ട്രീയം മാത്രം കണക്കിലെടുത്ത് ജാതിയുടെ പേരിൽ വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നിൽക്കുകയും ചെയ്യുന്ന ജാതിസംവരണം അവസാനിപ്പിക്കണമെന്നും ജാതി സെൻസസ് ഉപേക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ട്രഷറർ അയ്യപ്പൻപിള്ള അവതരിപ്പിച്ച പ്രമേയത്തിന് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ അവതാരകനായി.