മുണ്ടക്കയം: ഏന്തയാർ ജെ.ജെ.മർഫി ഹയർസെക്കൻഡറി സ്‌കൂളിന്റെ രജത ജൂബിലി സമാപനം അഞ്ചിന് രാവിലെ 9.30ന് ഏന്തയാർ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ മേരിയമ്മ തോമസ്, പി.ടി.എ.പ്രസിഡന്റ് അബ്ദു ആലസംപാട്ടിൽ എന്നിവർ അറിയിച്ചു. രാവിലെ 9.30ന് മാനേജർ ജോസഫ് എ.കളളിവയലിന്റെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണവും, സെബാസ്റ്റ്യൻ കുളത്തുങ്കൽ ജൂബിലി സന്ദേശവും നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളി, സിനിമ ആർട്ടിസ്റ്റ് ജോജി കെ.ജോൺ, സിനിമ സംവിധായിക ചിൻമയി നായർ എന്നിവർ മുഖ്യാതിഥികളായിരിക്കും. മ്യൂസിക് ഡയറക്ടർ സുമേഷ് കൂട്ടിക്കലിന്റെ മ്യൂസിക്കൽ പ്രോഗ്രാമും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലഹരി ദുരുപയോഗവും അപകടവും ഒഴിവാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി നാളെ രാവിലെ 8ന് ഫൺറൺ പ്രോഗ്രാം സംഘടിപ്പിക്കും. കൂട്ടിക്കൽ ചപ്പാത്തിൽ മാനേജർ ജോസഫ് എം.കളളിവയലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി. എം.അനിൽകുമാർ ഫ്ലാഗ്ഒഫ് ചെയ്യും. തുടർന്ന് ഗിന്നസ് റിക്കോഡ് ഉടമ അബീഷ് പി. ഡോമിനിക്കിന്റെ ടാലന്റ് ഷോയും അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ അദ്ധ്യാപകരായ പാനോഷ് ചാക്കോ, സുരേഷ് കെ.വി, അലൻ മാത്യു, സൗമ്യ സെബാസ്റ്റിയൻ എന്നിവരും പങ്കെടുത്തു.