
ചങ്ങനാശേരി:ക്രിസ്മസ് നൽകുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചുകൊണ്ട് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ വിപുലമായ ക്രിസ്മസ് സന്ദേശ ഘോഷയാത്ര നടത്തി. ഇടവകയുടെ നാല് കേന്ദ്രങ്ങളിൽ നിന്നും ബാൻഡ് മേളങ്ങളുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയിൽ 5000 ത്തിൽപരം ആളുകൾ പങ്കെടുത്തു. 500 ക്രിസ്മസ് പാപ്പാമാരും വിവിധ പ്ലോട്ടുകളും കലാരൂപങ്ങളും ഘോഷയാത്രയെ വർണ്ണാഭമാക്കി. തുടർന്ന് പള്ളിമുറ്റത്ത് കലാസന്ധ്യ, കരോൾ ഗ്രാൻഡ് ഫിനാലെ, നൃത്തവിസ്മയം, പുതുവർഷാഘോഷ പരിപാടികൾ എന്നിവ നടന്നു. കരോൾ ഗാന മത്സരത്തിൽ സെന്റ് മോണിക്ക കൂട്ടായ്മ ഒന്നാം സ്ഥാനവും ഇൻഫാൻ ജീസസ് കൂട്ടായ്മ രണ്ടാം സ്ഥാനവും സെന്റ് അഗസ്റ്റിൻ കൂട്ടായ്മ മൂന്നാം സ്ഥാനവും ക്യാഷ് അവാർഡുകളും കരസ്ഥമാക്കി. പരിപാടികൾക്ക് വികാരി ഫാ. ആന്റണി എത്തക്കാട്, ഫാ.സനൂപ് മുത്തുമാക്കുഴി, രാജു മാടക്കാട്ട്, ആന്റണി പ്ലാവനാക്കുഴി, സജി ജേക്കബ് മാളിയേക്കൽ, വാർഡ് കൂട്ടായ്മ ലീഡർമാർ എന്നിവർ നേതൃത്വം നൽകി.