
അയർക്കുന്നം: നടുവൊടിക്കുന്ന യാത്രയിൽ നിന്നും എന്ന് മോചനം ലഭിക്കുമെന്നാണ് അമയന്നൂർ താന്നിക്കൽപ്പടി നിവാസികൾ ചോദിക്കുന്നത്. അമയന്നൂർ കവലയിൽ നിന്നും താന്നിക്കൽപ്പടി തിരുവഞ്ചൂർ, മെഡിക്കൽ കോളേജ്, സംക്രാന്തി, ഏറ്റുമാനൂർ, കോട്ടയം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. ടൗണിലെ തിരക്ക് ഒഴിവാക്കി പോകുന്നതിനായി നിരവധി പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.
റോഡിൽ മെറ്റലും കുഴികളും
റോഡിലെ ടാറിംഗ് പൂർണമായി ഇളകി റോഡിൽ മെറ്റലും കുഴികളും നിറഞ്ഞു. റോഡിന്റെ പലഭാഗങ്ങളും സമാനരീതിയിൽ തകർന്ന നിലയിലാണ്. ഇറക്കവും വളവും നിറഞ്ഞ റോഡിലെ കുഴികൾ അപകടക്കെണിയാകുന്ന സ്ഥിതിയാണ്. വഴിവിളക്കുകൾ തെളിയാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. കാൽനടയാത്രയും അസാദ്ധ്യമാണ് റോഡിൽ. റോഡിന്റെ വശങ്ങൾ ഉൾപ്പെടെ തകർന്ന നിലയിലാണ്. അയർക്കുന്നം അമയന്നൂർ വഴി കാവുംപടി, കോട്ടയം റൂട്ടിലേക്ക് സ്വകാര്യബസും സർവ്വീസ് നടത്തുന്നുണ്ട്. ബസ് റൂട്ട് ഉൾപ്പെടെയുള്ള റോഡാണ് ഇത്തരത്തിൽ തകർന്ന് കിടക്കുന്നത്. റോഡിനോട് ചേർന്നുള്ള അമയന്നൂർ പാറപ്പുറം റോഡ് തകർന്നത് അടുത്തകാലത്താണ് നവീകരിച്ചത്. പ്രധാന റോഡുകൾ ഉൾപ്പെടെ നന്നാക്കുമ്പോഴും ഇടറോഡുകളും ഗ്രാമീണ റോഡുകളും തകർച്ചയുടെ വക്കിൽതന്നെയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു.