കോട്ടയം: ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 60ാമത് ഓർമ്മപ്പെരുന്നാളും പിൻഗാമികളായ ബസേലിയോസ് ഔഗേൻ പ്രഥമൻ, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും.
ഇന്ന് രാവിലെ 7ന് ഫാ.കെ.എം സഖറിയ കുർബ്ബാന അർപ്പിക്കും. വൈകുന്നേരം 5ന് കോടിമത പടിഞ്ഞാറേക്കര ഓഫീസ് അങ്കണത്തിൽ പരിശുദ്ധ ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയിൽ നിന്നും മറ്റ് ഇടവകകളിൽ നിന്നുമുള്ള തീർത്ഥാടകർക്ക് സ്വീകരണം. തുടർന്ന് തീർത്ഥാടക സംഘത്തെ മാർ ഏലിയാ കത്തീഡ്രലിലേക്ക് ആനയിക്കും. മാർ ഏലിയാ കത്തീഡ്രലിൽ നിന്നു ദേവലോകം അരമനയിലേക്ക് പ്രദക്ഷിണം. ദേവലോകം അരമനയിൽ സന്ധ്യാനമസ്‌ക്കാരത്തെ തുടർന്ന് ഫാ. ജോജി കെ.ജോയ് പ്രസംഗിക്കും. 7.45ന് മാർ ഏലിയാ കത്തീഡ്രലിൽ നിന്നുമുള്ള റാസ, ദേവലോകം അരമനയിൽ സ്വീകരണം. കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴ്‌വ്, നേർച്ച. നാളെ രാവിലെ 6.30ന് പ്രഭാത നമസ്‌ക്കാരത്തെ തുടർന്ന് 7.30ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികത്വം വഹിക്കും.