sad

,ഇന്ന് സി.ഐ.ടി.യു പ്രതിഷേധം

കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂർ കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡിൽ തുടരെ തീപിടുത്തം ഉണ്ടാകുന്നതിൽ ദുരൂഹത ആരോപിച്ച് തൊഴിലാളി യൂണിയനുകൾ മാനേജ്മെന്റിനെതിരെ രംഗത്ത്. ഭരണ കക്ഷിയൂണിയനായ സി.ഐ.ടി.യു ഇന്നു രാവിലെ ഫാക്ടറിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തും.

കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ഇടതു സർക്കാർ ഏറ്റെടുത്തു പുനരുദ്ധാരണം നടത്തി പ്രവർത്തനമാരംഭിച്ചത് വികസന നേട്ടമായ് സർക്കാർ ഉയർത്തിക്കാട്ടുന്നതിനിടയിൽ സി.ഐ.ടി.യു യൂണിയൻ നടത്തുന്ന പ്രതിഷേധ സമരം ചർച്ചാ വിഷയമാണ് .സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ ടി.ആർ.രഘുനാഥനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഐ.എൻ.ടി.യു സി യൂണിയനും ഗേറ്റ് സമരം നടത്തിയിരുന്നു.

# അടിക്കടി ഉണ്ടായ രണ്ടു തീ പിടുത്തം വഴി കോടികളുടെനഷ്ടമാണ് കെ.പി.പി.എല്ലിന് ഉണ്ടായത്. ഫാക്ടറി പ്രവർത്തനം നിറുത്തിവെക്കേണ്ടി വന്നതോടെ ഉത്പാദന നഷ്ടവും ഉണ്ടായി.

പേപ്പർ വ്യവസായത്തിൽ പരിചയസമ്പന്നരായ മാനേജിംഗ് ഡയറക്ടറോ ജനറൽ മാനേജരോ ഇല്ല. സ്പെഷ്യൽ ഓഫീസറുടെ ഇൻചാർജ് ഭരണമാണ് കെടുകാര്യസ്ഥതയ്ക്കു കാരണമെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തുന്നു തീപിടുത്തത്തിലൂടെ കോടികളുടെ നാശനഷ്ടമുണ്ടായിട്ടും ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ല.

പരിചയ സമ്പന്നരുടെ അഭാവം പ്രശ്നമാണ്

പരിചയ സമ്പന്നരായ ജീവനക്കാരെ നിയോഗിക്കാത്തതിനാലാണ് അപകടം ആവർത്തിക്കുന്നതെന്നാണ് യൂണിയനുകളുടെ ആരോപണം.പ്ലാന്റുകളുടെ ചുമതല അപ്രന്റീസുകൾക്കാണ്. പേപ്പർ പ്ലാന്റിൽ വലിയ തീപിടുത്തം ഉണ്ടായിട്ടും വാട്ടർ സ്‌പ്രിംഗ്ളർ പ്രവർത്തിപ്പിക്കാൻ നടപടിയില്ല.

ജീവനക്കാർ കുറവ്

ഒരു ഡസനോളം ജിവനക്കാർ ഉണ്ടായിരുന്ന ഫയർ ഡിപ്പാർട്ട്മെന്റിൽ രണ്ടു ഷിഫ്ടിലായി രണ്ടുജീവനക്കാർ മാത്രമുള്ളതിനാൽ ചെറിയ തീപിടുത്തം ഉണ്ടായാലും നിയന്ത്രിക്കാൻ കഴിയില്ല. കൺവെയർ പ്രവർത്തിച്ചിരുന്നിടത്ത് ഒമ്പതു പേർ ജോലി നോക്കിയിരുന്നത് ഒരാളായി കുറച്ചു. മാസങ്ങളോളം തുടർച്ചയായ് പ്രവർത്തിച്ചു വന്ന പ്ലാന്റുകളിൽ അറ്റകുറ്റപണി കൃത്യമായ് നടത്താത്തതിനാൽ പ്ലാന്റുകൾ ഇടക്കിടെ അടച്ചിടേണ്ടി വരുന്നു. ഒന്നര വർഷമായിട്ടും പൂർണതോതിൽ ഉത്പാദനം നടത്താൻ കഴിഞ്ഞിട്ടില്ല.

സ്ഥിരമാക്കുന്നില്ല

തൊഴിലാളികളുടെ കരാർ കാലാവധി വീണ്ടും നീട്ടി. ഒന്നര വർഷമായിട്ടും ജോലി സ്ഥിരത ലഭിക്കാത്തതിനാൽ തൊഴിലാളികൾ അസ്വസ്ഥരാണ് .

## കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ട നിർദ്ദേശങ്ങൾ യൂണിയനുകൾ തയ്യാറാക്കി നൽകിയിട്ടും സ്പെഷ്യൽ ഓഫീസർ യൂണിയനുകളെ വിശ്വാസത്തിലെടുക്കുന്നില്ല. ഇതു സംബന്ധിച്ച് വിശദമായ രൂപരേഖ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. പേപ്പർ വ്യവസായവുമായി ബന്ധപ്പെട്ട വിദഗ്ദർ ഫാക്ടറി ചുമതലയിൽ വന്നാലേ സ്ഥാപനം രക്ഷപെടൂ.

ടി.ആർ.രഘുനാഥൻ (സി.ഐ.ടി.യു യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്)