cow

കോട്ടയം: ബ്ലോക്ക് തലം മുതൽ നടത്തിവന്ന കന്നുകാലി പ്രദർശനം കുളമ്പുരോഗം പടരുമെന്ന ഭീതിയിൽ ജില്ലയിൽ ഒഴിവാക്കി ക്ഷീരവികസന വകുപ്പ്. മറ്റു ജില്ലകളിൽ കന്നുകാലി പ്രദർശനം നടത്തുന്നുണ്ട്. കടുത്തുരുത്തിയിൽ നാളെ മുതൽ നടക്കുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തിലും കന്നുകാലി പ്രദർശനം ഒഴിവാക്കി. ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പാളിയെന്ന് മൃഗസംരക്ഷണ വകുപ്പ് സമ്മതിക്കലാണ് ഇതെന്ന് ക്ഷീരകർഷകർ ആരോപിക്കുന്നു. വർഷങ്ങളായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നുണ്ടെങ്കിലും രോഗത്തിന് കുറവില്ല. എല്ലാ വർഷവും രോഗം പടർന്നു നിരവധി കന്നുകാലികൾ ചാകുന്നു. രോഗം ബാധിച്ചാൽ പാൽ ഉത്പാദനവും വൻതോതിൽ കുറയുന്ന സാഹചര്യത്തിൽ എന്തു പ്രതിരോധപ്രവർത്തനമാണ് നടത്തുന്നതെന്ന ക്ഷീരകർഷകരുടെ ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് മറുപടിയില്ല.

സാമ്പത്തിക പ്രതിസന്ധിയെന്ന് വാദം

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കന്നുകാലി പ്രദർശനം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മറ്റു ജില്ലകളിൽ ഇപ്പോഴും കന്നുകാലി പ്രദർശനം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല. ജില്ലയിൽ കുളമ്പുരോഗം നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിൽ രോഗം വ്യാപിപ്പിക്കാൻ കന്നുകാലി പ്രദർശനം ഇടയാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായും സൂചനയുണ്ട്.

കുളമ്പ് രോഗം നിയന്ത്രണ വിധേയമാകാത്തതിന്റെ പേരിൽ കന്നുകാലി പ്രദർശനം ജില്ലയിൽ ഒഴിവാക്കിയതിന് ഉദ്യോഗസ്ഥർ മറുപടി പറയണം.

എബി ഐപ്പ് (ക്ഷീര കർഷകൻ)