കോട്ടയം: സഹകരണ ബാങ്കുകളിലെ വായ്പക്കാർക്ക് ആനുകൂല്യം നൽകുന്ന റിസ്‌ക് ഫണ്ട് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി) കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്ന ഇടപാടുകാരൻ വായ്പാ തിരിച്ചടവ് കാലാവധിക്കുള്ളിൽ മരണമടയുകയോ മാരക രോഗത്തിന് അടിമപ്പെടുകയോ ചെയ്താൽ അയാളുടെ കുടുംബത്തിന് 3 ലക്ഷം രൂപയുടെ വരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് റിസ്‌ക് ഫണ്ട്. ഇതിനായി വായ്പ എടുക്കുന്ന സമയം തന്നെ ഇടപാടുകാരിൽ നിന്നും നിശ്ചിത തുക ഈ പദ്ധതിയിലേക്ക് വിഹിതമായി ഈടാക്കും. വായ്പക്കാരൻ മരണമടഞ്ഞാൽ ബാങ്ക് ആണ് ആവശ്യമായ രേഖകൾ സഹിതം സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലോടെ ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുന്നത്. ഇത് പരശോധിച്ച് അർഹതപ്പെട്ടവർക്ക് ആനുകൂല്യം വിതരണം ചെയ്യുകയാണ് പദ്ധതിയുടെ രീതി. എന്നാൽ നിലവിൽ ലഭിക്കുന്ന അപേക്ഷകൾ നിസാര കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയോ കാലതാമസം വരുത്തുകയോ ആണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകളിൽ പോലും ആനുകൂല്യ വിതരണം വൈകിപ്പിച്ചതിന് ഉദാഹരണങ്ങൾ നിരവധിയാണ്. ഇത് സഹകരണ മേഖലയുടെ വിശ്വാസ്യതക്കും മങ്ങലേൽപിക്കുമെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വാസന പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.ബിജു റപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.വി കെ.സന്തോഷ് കുമാർ, കെ. സി.ഇ.സി നേതാക്കളായ ബോബി മാത്തുണ്ണി, അബ്ദുൾ ഹാരിസ്, മനു സിദ്ധാർത്ഥൻ, ദീപു ജേക്കബ്, എം എസ്. അശോക് കുമാർ, എന്നിവർ പ്രസംഗിച്ചു