
കോട്ടയം: ജന്മംകൊണ്ടല്ല കർമ്മംകൊണ്ട് മഹാനായ വ്യക്തിയാണ് മന്നത്ത് പത്മനാഭനെന്ന് മുൻ എം.പി തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. പറഞ്ഞതൊക്കെ പ്രവൃത്തിയിൽ കൊണ്ടുവന്ന മഹാനാണ് മന്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 147-ാം മന്നംജയന്തി സമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നം തന്റെ മഹത്വം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. സ്വന്തം സമുദായത്തിനു വേണ്ടി പ്രവർത്തിക്കുമ്പോഴും മറ്റ് സമുദായങ്ങൾക്ക് പോറൽ പോലുമുണ്ടാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. നായർ സമുദായത്തെ ഉന്നതിയിലെത്തിക്കുകയും സാധാരണക്കാർക്കായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും അനാചാരങ്ങൾക്കെതിരെ പടപൊരുതുകയും ചെയ്തു. പ്രസംഗവും പ്രവൃത്തിയും ഒന്നാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവർക്കൊപ്പം വൈക്കം സത്യഗ്രഹത്തിന്റെ മുൻപന്തിയിൽ മന്നവുമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ നിലപാടിന്റെ ഭാഗംകൂടിയായിരുന്നു. മതേതരത്വം എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചു. സമരം ചെയ്യുന്നത് ജയിക്കാനാവണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നീതിക്കായി നിലകൊള്ളുമ്പോൾ വ്യക്തിപരമായുണ്ടാകുന്ന നഷ്ടത്തെപറ്റി അദ്ദേഹം ഭയപ്പെട്ടില്ല. സർ സി.പിയുടെ നിലപാടുകളെ എതിർത്തു. സർ സി.പിയെ എതിർക്കാൻ എൻ.എസ്.എസിലെ മറ്റ് ഭാരവാഹികൾക്ക് ഭയമുണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിലുണ്ടാവുന്ന നഷ്ടങ്ങളെപ്പറ്റി അദ്ദേഹം ഭയപ്പെട്ടില്ല. വിമോചനസമരത്തിന് പിന്തുണകൊടുത്ത് നയിച്ചതും ഇതേ നിലപാടിന്റെ പേരിലായിരുന്നു. മന്നത്തിന്റെ ഇച്ഛാശക്തിയെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പോലും അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസാഹിത്യ അക്കാഡമി വിശിഷ്ടാംഗം സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വാഗതവും ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള നന്ദിയും പറഞ്ഞു.