
മുണ്ടക്കയം: വാഗമൺ താഴ് വാരത്തിലും കാഞ്ഞിരപ്പള്ളിയിലും വ്യാജചാരായം വിൽക്കുന്നു! ഇങ്ങനെയൊരു ഫോൺവന്നാൽ മുണ്ടക്കയത്തെ എക്‌സൈസ് ഉദ്യോഗസ്ഥർ എന്തുചെയ്യും. പരസ്പരം മുഖത്തേക്ക് നോക്കുവല്ലാതെ മറ്റു മാർഗമില്ല. രണ്ടുവർഷം മുമ്പ് കട്ടപ്പുറത്തായ ജീപ്പിലേക്ക് നോക്കി ഇനി എന്നുവരും പുതിയ വാഹനമെന്ന ചോദ്യം ചോദിക്കാൻ മാത്രമെ ഇവർക്ക് കഴിയൂ. കാലങ്ങളോളം കാഞ്ഞിരപ്പള്ളി മുതൽ ആറോളം പഞ്ചായത്തുകളിലെ 64 വാർഡുകളിൽ ഓടികൊണ്ടിരുന്ന ജീപ്പാണ് കട്ടപ്പുറത്തായത്. ഉടനെത്തും പുതിയ വാഹനമെന്ന പ്രഖ്യാപനം കേൾക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിടുന്നു. വ്യാജവാറ്റു സംഘത്തെ കുറിച്ചു വിവരം ലഭിച്ചാൽ സംഭവ സ്ഥലത്തെത്താൻ ടാക്‌സി വിളിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. അഥവ ടാക്‌സി വിളിച്ചാൽ ആര് പണം നൽകുമെന്ന ചോദ്യവും ബാക്കിയാകുന്നു.
ഇവിടെ വാറ്റുകാർ വിലസുന്നു
എക്‌സൈസിന്റെ പരിശോധന കുറഞ്ഞതോടെ മേഖലയിൽ വ്യാജവാറ്റുകാരുടെയും അനധികൃത മദ്യവില്പനക്കാരുടെയും എണ്ണം വർദ്ധിച്ചിരിക്കുകയാണ്. വ്യാജ വാറ്റുകേന്ദ്രങ്ങൾ സജീവമായതോടെ രഹസ്യവിവരം എക്‌സൈസിന് കൈമാറുന്നുണ്ടങ്കിലും ഇവരെ പിടികൂടാൻ കഴിയുന്നില്ല.