കോട്ടയം: മികച്ച സിനിമാ സംസ്‌കാരം വളർത്തുന്നതിന് ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കുന്ന ഓഡിറ്റോറിയത്തിന് ലൈസൻസ് വേണമെന്ന് പറയുന്ന ഉദ്യോഗസ്ഥരെ വിരട്ടി ഓടിക്കണമെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാരാമിനി തീയറ്ററും കേരളീയം ചലച്ചിത്രോൽസവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അടൂർ.
പബ്ലിക് ലൈബ്രറി മിനി തീയറ്റർ ഹാളിന് ലൈസൻസുണ്ടോ എന്ന് ചോദിച്ച് നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥർ വന്നതിനെക്കുറിച്ച് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ പരാമർശിച്ചപ്പോഴായിരുന്നു അടൂരിന്റെ പ്രതികരണം.
എന്തു കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യം ഓരോ വ്യക്തിയുടേതുമാണ്. നല്ല സിനിമകൾ ഫിലിംസൊസൈറ്റികൾ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ആവശ്യമില്ല. ഇത് ചോദിക്കുന്നവർ കൈക്കൂലി ആഗ്രഹിച്ചുവരുന്ന ഉദ്യോഗസ്ഥരാകാം. അവരെ വിരട്ടി ഓടിക്കണം. ലൈസൻസിന് നിർബന്ധിച്ചാൽ നിയമനടപടി സ്വീകരിക്കണം. മികച്ച തീയറ്റർ അനുഭവം നൽകുന്ന ഹാൾ നിർമ്മിച്ച പബ്ലിക് ലൈബ്രറി പ്രസിഡന്റിനെ അടൂർ പ്രശംസിച്ചു. മാതൃക സാംസ്‌കാരിക കേന്ദ്രമായ് വളർന്ന കോട്ടയം പബ്ലിക് ലൈബ്രറി മാതൃക മറ്റു ലൈബ്രറികളും സ്വീകരിക്കണമെന്നും അടൂർ പറഞ്ഞു.
എ.മീരാ സാഹിബ്, പ്രകാശ് ശ്രീധർ, അഡ്വ.വി.ബി ബിനു, വിനു എബ്രഹാം , സെബാസ്റ്റ്യൻ കാട്ടടി, മാത്യൂസ് ഓരത്തേൽ, കെ.സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്രോവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മുതൽ തമ്പ്, അനുഭവങ്ങൾ പാളിച്ചകൾ, ന്യൂസ് പേപ്പർ ബോയ്, കുട്ടിസ്രാങ്ക് എന്നീ സിനിമകൾ പ്രദർശിപ്പിക്കും