nk-premachandran

ചങ്ങനാശേരി: സ്വസമുദായത്തിനായി പോരാടുമ്പോഴും മറ്റ് സമുദായങ്ങൾക്ക് ദോഷമുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച തികഞ്ഞ മതേതരവാദിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

നമ്പൂതിരിയോടൊപ്പം ക്ഷേത്ര ശ്രീകോവിൽ പിന്നാക്കക്കാർക്കും തുറന്നുകൊടുക്കണമെന്ന് പറഞ്ഞ മന്നത്തിന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ എത്രമാത്രം ആദരവ് ലഭിച്ചു എന്ന് വിലയിരുത്തണം. മന്നംജയന്തി സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ.

മഹത്വത്തിന് ആധാരം ജാതിയല്ല, സംസ്കാരമെന്നാണ് മന്നം പറഞ്ഞത്. 1931ൽ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുത്ത മന്നം പറഞ്ഞത് ബ്രഹ്മജ്ഞം ഉള്ളവനാരോ അവരാണ് ബ്രാഹ്മണൻ എന്നാണ്. അങ്ങനെയെങ്കിൽ ഉത്തമനായ ബ്രാഹ്മണൻ ശ്രീനാരായണ ഗുരുദേവനെന്നും മന്നം പ്രഖ്യാപിച്ചു. അതുകൊണ്ടാണ് പിന്നാക്കക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ജാതിയ അസമത്വങ്ങൾക്കെതിരെ നിരന്തരം മന്നം പോരാട്ടം നടത്തിയെന്ന് അദ്ദേഹം മരിച്ചപ്പോൾ കേരളകൗമുദി എഡിറ്റോറിയൽ എഴുതിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.