
പാലാ: ''ഏലിയാമ്മച്ചേടത്തിയേ...'' നീട്ടിയുള്ള വിളികേട്ട് മുത്തോലിയിലെ വയോധികയായ വീട്ടമ്മ പുറത്തേക്ക് വന്നപ്പോൾ മുറ്റത്ത് ഒരുസംഘം പെൺകുട്ടികൾ. അവർക്ക് പഴയകാലത്തെക്കുറിച്ച് അറിയണം. പണ്ടത്തെ ഭക്ഷണ വിഭവങ്ങളും അവ തയ്യാറാക്കുന്ന വിധവും പണ്ട് വണ്ടിയൊന്നുമില്ലാതിരുന്ന കാലത്ത് സ്‌കൂളിൽ പോയിരുന്ന വിവരവും യാത്ര പോയിരുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ ആ പെൺകുട്ടികൾ ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം സ്‌നേഹവിശേഷങ്ങളൊക്കെ പങ്കുവച്ച് ഏലിയാമ്മച്ചേടത്തിക്ക് എല്ലാവിധ ആശംസകളും നേർന്ന് അവർ പടിയിറങ്ങി.
പാലാ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ അൻപതോളം എൻ.എസ്.എസ്. വോളണ്ടിയർമാരാണ് എൻ.എസ്.എസ്.ക്യാമ്പിന്റെ ഭാഗമായി മുത്തോലിയിലെ വയോജനങ്ങൾക്കിടയിലേക്ക് ''സ്‌നേഹ സന്ദർശനം'' എന്ന പേരിൽ കടന്നുചെന്നത്.
പുറംലോകത്തേക്ക് അധികമൊന്നും ഇറങ്ങാൻ കഴിയാതെ വീടുകളിൽ കഴിയുന്ന വയോജനങ്ങൾക്ക് ഉൻമേഷം പകരുക എന്നതായിരുന്നു സ്‌നേഹസന്ദർശനം പരിപാടിയുടെ ലക്ഷ്യമെന്ന് എൻ.എസ്.എസ്. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ജെസ്‌ലിൻ ജോസ്, പ്രിൻസിപ്പൽ സിസ്റ്റർ ജീസാ മരിയ എന്നിവർ പറഞ്ഞു. തങ്ങളോട് സംസാരിക്കാനായി കുട്ടികൾ വീട്ടുമുറ്റത്ത് എത്തിയത് വൃദ്ധജനങ്ങൾക്കും ഏറെ സന്തോഷമുളവാക്കി.
മുത്തോലി സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ക്യാമ്പസ് ശുചീകരണം, ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയായ ഫ്‌ളാഷ്‌മോബ്, മുത്തോലി വില്ലേജ് ഓഫീസ് പരിസര ശുചീകരണം, പാതയോര സൗന്ദര്യവൽക്കരണം, തുണി സഞ്ചി നിർമ്മിച്ച് വിതരണം ചെയ്യൽ എന്നീ പരിപാടികളുമുണ്ടായിരുന്നു. സാമൂഹ്യസേവനത്തിന്റെ നിരവധി പുതുവഴികളിലൂടെ സഞ്ചരിച്ച വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പ് വ്യത്യസ്തമായ ഒരനുഭവമായി മാറി. ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ സ്‌നേഹസന്ദർശനത്തെക്കുറിച്ചും മറ്റും എൻ.എസ്.എസ്. വോളണ്ടിയറായ ശ്രീപൗർണ്ണമി ജി. നമ്പൂതിരി പിന്നീട് സമൂഹമാദ്ധ്യമത്തിൽ കുറിച്ചതും ശ്രദ്ധേയമായി.