
കോട്ടയം: മൂലവട്ടത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറ് വയസുകാരൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. പ്രദേശവാസികളായ സജിമോൻ, സജൻ, അമ്പിളി, അഭിനേഷ്, വിജയമ്മ, അന്യസംസ്ഥാന തൊഴിലാളിയുടെ മകൻ, പ്രദേശത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് രാവിലെ മുതൽ അക്രമാസക്തനായത്. തുടർന്ന് ഇതുവഴി എത്തിയ ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് പലർക്കും കടിയേറ്റത്. കാൽനടയാത്രക്കാരിയായ സ്ത്രീയെ നായ ആക്രമിച്ചെങ്കിലും ഇവർ കുട ഉപയോഗിച്ച് തടഞ്ഞ് രക്ഷപെട്ടു. പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.