പാലാ: 91ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളിൽ ഗോപി നീറാക്കുളവും അഭിനന്ദന അരുണും വിജയികൾ.

ആത്മോപദേശ ശതകം നൂറ് പദ്യം മനഃപാഠമായി ചൊല്ലാനുള്ള മത്സരത്തിൽ ഗോപി നീറാക്കുളം ഒന്നാം സ്ഥാനം നേടി. പ്രശംസാ പത്രവും മൊമന്റോയും ഋതംബരാനന്ദ സ്വാമികൾ ശിവഗിരിയിലെ സമ്മേളനത്തിൽ വച്ച് ഗോപി നീറാക്കുളത്തിന് സമ്മാനിച്ചു.

ഏഴാച്ചേരി 158ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗവും ചെമ്പഴന്തി കുടുംബയൂണിറ്റ് അംഗവുമായ ഗോപി നീറാക്കുളത്തിന് ഇതിന് മുമ്പ് ശിവശതകം, ദർശനമാല, ആത്മോപദേശ ശതകം എന്നിവയിൽ ശിവഗിരിയിൽ നടത്തിയ മത്സരങ്ങളിൽ പത്തോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിലിൽ മുൻ അംഗവും ഏഴാച്ചേരി എസ്.എൻ.ഡി.പി. ശാഖയിൽ മുൻ മാനേജിംഗ് കമ്മറ്റി അംഗവുമായിരുന്നു. 2012 മുതൽ മത്സരങ്ങളിൽ പങ്കെടുത്തുവരുന്നു. കോട്ടയം ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റ് മെമ്പറും കൊടുമ്പിടി വിശ്രാന്തി നികേതന്റെ ചുമതലക്കാരനുമാണ്. ഷൈനി ഗോപി ഭാര്യയും ഗോകുൽ ഗോപി മകനുമാണ്.

കുമ്മണ്ണൂർ ചന്ദനത്തിൽ അഞ്ജുവിന്റെയും അരുൺരാജിന്റെയും മകളായ അഭിനന്ദനയ്ക്ക് മലയാളം പ്രസംഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. മുൻവർഷങ്ങളിൽ ആത്മോപദേശ ശതകത്തിലും മലയാളം പ്രസംഗത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പാലാ മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ അഭിനന്ദന കുമ്മണ്ണൂർ 1135ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം അംഗമാണ്. അഭിനന്ദനയ്ക്ക് ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം. ജയപ്രകാശ് പുരസ്‌കാരം നൽകി.