കൊഴുവനാൽ: ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള മുപ്പത്തിനാലാം സ്‌നേഹവീടിന്റെ നിർമ്മാണം കെഴുവംകുളത്ത് പൂർത്തിയായി. കൊഴുവനാൽ പഞ്ചായത്തിൽ സ്‌നേഹദീപം പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ പതിനാറാം വീടാണിത്.

ഗ്രേസി മാനുവൽ മറ്റത്തിലിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകിയ 4 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

സ്‌നേഹദീപം പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തിയാവുകയാണ്. മുപ്പത്തിയഞ്ചാം വീടിന്റെ നിർമ്മാണം കിടങ്ങൂർ പഞ്ചായത്തിൽ കുമ്മണ്ണൂരും മുപ്പത്തിയാറാം വീടിന്റെ നിർമ്മാണം മേവടയിലും മുപ്പത്തിയേഴാം വീടിന്റെ നിർമ്മാണം അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നിലും നടന്നുവരികയാണ്.

മുപ്പത്തിനാലാം സ്‌നേഹവീടിന്റെ വെഞ്ചിരിപ്പ് കർമ്മം നാളെ രാവിലെ 9.30 ന് കെഴുവംകുളം കുരിശുപള്ളിക്ക് സമീപം വച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. മാർ സ്ലീവാ മെഡിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മോൺ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷത വഹിക്കും. മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസിന്റെ (എം.എസ്.റ്റി.) മുൻ ഡയറക്ടർ ജനറൽ ഫാ. ആന്റണി പെരുമാനൂർ താക്കോൽ സമർപ്പണം നിർവഹിക്കും. ചേർപ്പുങ്കൽ പള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ ആമുഖപ്രസംഗം നടത്തും.