പാലാ: കെ.എസ്.ഇ.ബി.യിൽ അനധികൃത നിയമനം. അസിസ്റ്റന്റ് എൻജിനീയർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ.എസ്.ഇ.ബി. ചെയർമാന്റെ ഉത്തരവ്. അസിസ്റ്റന്റ് എൻജിനീയർ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി ചെയർമാൻ കുറ്റപത്രവും നൽകിയിട്ടുണ്ട്.
കെ.എസ്.ഇ.ബി. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ വി.കെ. സന്തോഷിനാണ് കുറ്റപത്രവും പിഴയടയ്ക്കാനുള്ള നോട്ടീസും നൽകിയിട്ടുള്ളത്. പള്ളിക്കത്തോട് ഇലകട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റായി ഒരാളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതിനെതിരെയാണ് ഇപ്പോൾ ബോർഡ് വിശദീകരണം തേടിയിട്ടുള്ളത്. ഇത് സംബന്ധിച്ച് മുമ്പ് വിജിലൻസും അന്വേഷണം നടത്തിയിരുന്നു. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റിന്റെ ഒഴിവ് നിലവിൽ ഇല്ലെന്നുള്ള വസ്തുത അറിയാമെന്നിരിക്കെ അസിസ്റ്റന്റ് എൻജിനീയർ വി.കെ. സന്തോഷ് ഒരാളെ ഇവിടെ നിയമിച്ചുവെന്നാണ് പരാതി ഉയർന്നിരുന്നത്. പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ. അമ്മിണി, ഇലക്ട്രിക്കിൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം. അമ്പിളി എന്നിവരുടെ അറിവോ സമ്മതമോ കൂടാതെയാണ് നിയമനം നടത്തിയത് എന്നാണ് ആക്ഷേപം.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ സൂപ്രണ്ടായിരുന്ന മുഹമ്മദ് നബീബിനെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി പാറത്തോട് ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാറ്റുകയും പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റായിരുന്ന ശ്രീജയ്ക്ക് സീനിയർ സൂപ്രണ്ടിന്റെ അധിക ചുമതല നൽകിയതിനും ശേഷം സീനിയർ അസിസ്റ്റന്റിന്റെ ഒഴിവുണ്ട് എന്നവകാശപ്പെട്ടാണ് ഈ അനധികൃത നിയമനം നടത്തിയത്.
പാലാ ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ ബിഞ്ചു ജോണിന്റെ നിർദ്ദേശപ്രകാരമാണ് കരാർ വ്യവസ്ഥയിൽ സീനിയർ അസിസ്റ്റന്റായി ഒരാളെ അസിസ്റ്റന്റ് എൻജിനീയർ വി.കെ. സന്തോഷ് നിയമിച്ചത്. ഇതേ തുടർന്ന് കെ.എസ്.ഇ.ബിക്ക് 1,56,963 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നാണ് കെ.എസ്.ഇ. ബോർഡിന്റെ വാദം. അധികാര ദുർവിനിയോഗവും പക്ഷപാതവും കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ചട്ടങ്ങളുടെ ലംഘനവുമാണ് വി.കെ. സന്തോഷ് നടത്തിയതെന്ന് കുറ്റപത്രത്തിൽ കെ.എസ്.ഇ.ബി. ചെയർമാൻ ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച് 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാനും പള്ളിക്കത്തോട് അസിസ്റ്റന്റ് എൻജിനീയറോട് ബോർഡ് ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്.