കോട്ടയം:അസൗകര്യങ്ങൾക്ക് നടുവിലും അപകടഭീഷണി ഉയർത്തിയും നഗരമദ്ധ്യത്തിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. ഇന്നലെ വൈകുന്നേരം ബസ് കയറിയിറങ്ങി ഒരാൾ മരിച്ചതിന് പിന്നാലെ സ്റ്റാൻഡിൽ പതിയിരിക്കുന്ന അപകടങ്ങളും ചർച്ചയാകുകയാണ്. പ്രവേശന കവാടത്തിൽ തന്നെയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഒരേ സമയം ഒന്നിലേറെ ബസുകളാണ് കടന്നു വരുന്നത്. ഈ സമയം നിർത്തിയിട്ട ബസിൽ യാത്രക്കാർ കയറുന്നതിനിടെയാവും മറ്റൊരു ബസ് ഇവർക്കിടയിലേക്ക് വരുന്നതും. ദീർഘ ദൂര ബസുകൾ, ഓർഡിനറി,ഫാസ്റ്റ് ബസുകൾ എന്നിവ നിർത്തിയിടുന്നതിനായി പ്രത്യേകം സ്ഥലമുണ്ടെങ്കിലും തിരക്കേറുമ്പോൾ ബസുകൾ തിങ്ങി നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. നിശ്ചിതമായ ക്രമീകരണങ്ങൾ ഇല്ലാതെ യാത്രക്കാർ സ്റ്റാൻഡിന്റെ പലഭാഗങ്ങളിലും നിർത്തിയിട്ട ബസുകൾക്കിടയിലുമാണ് യാത്രക്കാർ മറ്റ് ബസുകൾക്കായി കാത്തുനിൽക്കുന്നത്.

ബസ് നിർത്തുന്നതിന് കൃത്യമായ അടയാളമില്ല
ബസ് നിർത്തുന്നതിന് കൃത്യമായി അടയാളമില്ലാത്തതാണ് പലയിടങ്ങളിലായി കാത്ത് നിൽക്കുന്നതിന് കാരണമെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാർ കാത്തിരിക്കുന്നിടവും ബസ് നിർത്തുന്ന സ്ഥലവും തമ്മിൽ അകലെ ആണെന്നതിനാൽ ബോർഡുകൾ നോക്കാൻബസുകൾക്കിടയിലൂടെ സഞ്ചരിക്കണം. ഇതും അപകട സാദ്ധ്യത ഉയർത്തുന്നു. ശബരിമല സർവീസുമായി ബന്ധപ്പെട്ട് 50 ഓളം ബസുകളാണ് കൂടുതലായി കോട്ടയത്ത് നിന്ന് ആരംഭിച്ചത്. ഇതും സ്റ്റാൻഡിലെ തിരക്ക് വർദ്ധിക്കുന്നതിന് കാരണമായി. യാത്രക്കാരുടെ അശ്രദ്ധയും മറ്റൊരു കാരണമാണ്. ബസുകൾ പാർക്ക് ചെയ്യുന്നതിനായി മുൻപോട്ടോ പുറകോട്ടോ ചലിക്കുമ്പോൾ യാത്രക്കാർ അശ്രദ്ധയോടെ ബസുകൾക്കിടയിലൂടെ സഞ്ചരിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു.

വെല്ലുവിളി ഉയർത്തി കുഴിയും
പ്രവേശന കവാടത്തിലെ കുഴിയും അപകടം വിളിച്ചോതുന്നു. ഇന്റർലോക്ക് കട്ടകൾ പാകി അടുത്തകാലത്താണ് ഡിപ്പോ നവീകരിച്ചത്. ബസുകൾ കുഴിയിൽ ചാടി സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് യാത്രക്കാരുടെ നടുവൊടിക്കുന്നതിനും ഇയാക്കുന്നു. കുഴി ഒഴിവാക്കി പ്രവേശിക്കുന്നതിനായി വളവിൽ ബസുകൾ വീശിയാണെടുക്കുന്നത്. ഇത് കാൽനടയാത്രികരും സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നവരും അപകടത്തിൽപ്പെടുന്നതിന് ഇടയാക്കുന്നു. റോഡിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതും അപകടത്തിന് ഇടയാക്കുന്നു.