കോട്ടയം:ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരെ അവഹേളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നടപടി സംസ്കാരശൂന്യമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എൽ.എ. ക്രൈസ്തവ സഭാപിതാക്കന്മാരെ ആക്ഷേപിച്ച ശേഷം മൂന്ന് വാക്കുകൾ പിൻവലിക്കുന്നതായി പ്രസ്താവന ഇറക്കിയ മന്ത്രി സജി ചെറിയാൻ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ചതിലൂടെ രണ്ടാമത്തെ ആക്ഷേപിക്കലാണ് നടത്തിയിരിക്കുന്നത്. ക്രൈസ്തവ സഭാധികാരികൾക്കെതിരെ എന്തും പറയാനുള്ള ലൈസൻസ് എൽ.ഡി.എഫ്. മന്ത്രിമാർക്ക് നൽകിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും വ്യക്തമാക്കണം.
മുഖ്യമന്ത്രി വിളിക്കുന്ന സദസുകളിലും വിവിധ ചടങ്ങുകളിലും സഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കുന്നത് ശരിയും ഇന്ത്യയുടെ പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റുമാണെന്ന് കണ്ടെത്തിയ സി.പി.എം. നിലപാട് തികച്ചും അപഹാസ്യമാണ്.
മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കാൻ കഴിയാതെ തടിയൂരാൻ ശ്രമിച്ച കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ നിർഭാഗ്യകരമായ നിലപാട് രാഷ്ട്രീയ പാപ്പരത്വമാണ് പ്രകടമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത പാലായിലെ ജനസദസ്സിന്റെ വേദിയിൽ കോട്ടയം എം.പി അപമാനിക്കപ്പെപ്പോൾ ചെറുവിരലനക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ അവസ്ഥയും. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.