restrnt
നാഗമ്പടത്ത് നിർമ്മാണം പുരോഗമിക്കുന്ന റസ്റ്റോറന്റ് കെട്ടിടം.

കോട്ടയം: കൊതിയൂറും കടൽ വിഭവങ്ങളുമായി മത്സ്യ ഫെഡിന്റെ റസ്റ്റോറന്റ് കോട്ടയത്ത് ഉടൻ തുറക്കും.
നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്റോറന്റ് ആരംഭിക്കാൻ തീരുമാനമായത്. വർഷങ്ങളായി അക്വേറിയത്തിന്റെ പ്രവർത്തനം നിലച്ചിട്ട്. ഇതേതുടർന്നാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്.

അക്വേറിയത്തിൽ നിന്നും റസ്‌റ്റോറന്റിലേക്ക്,
12 വർഷം മുൻപാണ് നാഗമ്പടത്ത് ഫിഷ് ഗാലക്‌സി എന്ന പേരിൽ പബ്ലിക് അക്വേറിയം ആരംഭിച്ചത്.നിരവധി അലങ്കാര മത്സ്യങ്ങൾ ഉൾപ്പെടെ ഇവിടെ വിപണനം ചെയ്തിരുന്നു. 2000 ചതുരശ്രയടി വിസ്തീർണമുള്ള ഹാളിൽ 50 അക്വേറിയം ടാങ്കുകളിലായി സമുദ്രത്തിലും ശുദ്ധ ജലത്തിലും ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. റസ്റ്റോറന്റ് ആരംഭിക്കുമ്പോൾ അക്വേറിയം വീണ്ടും തുടങ്ങാൻ കഴിയുമോയെന്നും അധികൃതർ ആലോചിക്കുന്നുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തിൽ അക്വേറിയത്തിന് ഏറെ നാശനഷ്ടം ഉണ്ടായി. പിന്നീട്, അക്വേറിയം പുനഃരാരംഭിക്കാൻ കഴിഞ്ഞില്ല. നഗരസഭയുടെ സഹകരണത്തോടെയുമാണ് അക്വേറിയം നടത്തിയിരുന്നത്. 20 സെന്റ് സ്ഥലത്ത് അക്വേറിയത്തിനു വേണ്ടി നഗരസഭയാണ് കെട്ടിടം നിർമിച്ചുനൽകിയത്.

കൊതിയൂറും കടൽവിഭവങ്ങൾ,
മത്സ്യഫെഡിന് കീഴിൽ ജില്ലയിലെ ആദ്യ കടൽ വിഭവ റസ്റ്റോറന്റാണിത്. നിർമാണം പ്രവർത്തനങ്ങൾ പുരോഗതിയിലാണ്.
കടലിൽ നിന്നുള്ള എല്ലാ വിഭവങ്ങളും ഇവിടെ ആവശ്യമനുസരിച്ച് തയ്യാർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ തീൻമേശയ്ക്കു മുന്നിലെത്തും. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.