
കോട്ടയം : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കാർഷിക വിളകളിലെ വാട്ടം കർഷകരെ ദുരിതത്തിലാക്കുന്നു. ഓണവിണിയിലേക്കുള്ള ശീതകാല പച്ചക്കറി, ഏത്തവാഴ കൃഷികളാണ് ഭീഷണി നേരിടുന്നത്. പകൽച്ചൂടിൽ തക്കാളി, കാബേജ്, പയർവർഗങ്ങൾ തുടങ്ങിയവയുടെ തൈകളും വളർന്നുവരുന്ന കായ്ക്കളിലും വാട്ടമുണ്ടാവുകയാണ്. കപ്പയൊഴികെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഉത്പാദനത്തെ ചൂട് ബാധിച്ചു. ഏത്തവാഴകളിൽ ഇലപ്പുള്ളിരോഗമാണ് ഭീഷണി. രോഗം ബാധിക്കുന്ന വാഴയിലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടായി ഇലകൾ കരിയുകയാണ്. തളിരിലകളെയാണ് ഇത് ബാധിക്കുന്നത്. ഇലകൾ നശിക്കുന്നതിലൂടെ കുലകളുടെ വലുപ്പവും കുറയും. ടിൽറ്റ്, ടിൽറ്റ് ബോർഡോ മിശ്രിതം ഉപയോഗിക്കുകയാണ് പ്രതിവിധിയെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പാമ്പാടി, കറുകച്ചാൽ മേഖലകളിലാണ് ഏത്തവാഴകൃഷി കൂടുതലായുള്ളത്. കർണാടകയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ചേരിക്കുള്ളൻ, നാടൻ ഏത്തൻ എന്നിവയാണ് കൃഷിചെയ്യുന്നത്.
രക്ഷയാകാതെ മഴമറ പദ്ധതി
കൊടുംചൂടിൽ നിന്നും വിളകളെ സംരക്ഷിക്കുന്നന് ആരംഭിച്ച മഴമറ പദ്ധതിയും കർഷകർക്ക് കൈത്താങ്ങാകുന്നില്ല. ഗാർഡൻ നെറ്റുകൾ ചെറുകിട കർഷകർക്കായി തദ്ദേശഭരണ സംവിധാനങ്ങളിലൂടെയാണ് അനുവദിച്ചിരുന്നത്. ചുരുക്കം കർഷകർക്കാണ് നെറ്റുകൾ ലഭിക്കുന്നത്. ഒരു മീറ്ററിന് 130 രൂപവരെയാണ് കടകളിൽ വില. അഗ്രോ ക്ലിനിക്ക് പ്രവർത്തനവും കാര്യക്ഷമല്ല.
ചൂടിനെ പ്രതിരോധിക്കാൻ ഉത്പാദനശേഷി കൂടിയ വിത്തിനങ്ങൾ നൽകണം. രോഗം ബാധിച്ച വിളകൾ സന്ദർശിക്കാൻ കൃഷിവകുപ്പ് അധികൃതർ തയ്യാറാകുന്നില്ല.
(എബി ഐപ്പ്, കർഷകൻ)