
കോട്ടയം : കുമരകം കേന്ദ്രീകരിച്ച് വാട്ടർ തീം പാർക്ക് സാദ്ധ്യമാക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതു - സ്വകാര്യ പങ്കാളിത്തോടെ പാർക്ക് നടപ്പിലാക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ടൂറിസം ഡയറക്ടറുമായി ചർച്ച നടത്തി. 2007ലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് ആരംഭിച്ചത്. ഇതിലൂടെ നിരവധി വനിതകൾക്ക് തൊഴിലവസരങ്ങളും സംരംഭങ്ങളും തുടങ്ങാൻ സാധിച്ചു. സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ഉയർച്ച സമൂഹത്തിൽ സൃഷ്ടിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സാധിച്ചു. വിനോദസഞ്ചാര മേഖലയിൽ സ്ത്രീ സഞ്ചാരികൾക്ക് സുരക്ഷിത വിനോദ സഞ്ചാരവും സൗകര്യങ്ങളും പശ്ചാത്തല അന്തരീക്ഷവും ഒരുക്കുകയാണ് സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കളക്ടർ വി. വിഗ്‌നേശ്വരി, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, ഡോ. പീജ രാജൻ, വി.കെ. ജോഷി എന്നിവർ പങ്കെടുത്തു.