കോട്ടയം: നിരന്തര കുറ്റവാളിക്ക് കാപ്പാ ചുമത്തിയ ജില്ലാ പൊലീസിന്റെ നടപടി സർക്കാർ അംഗീകരിച്ചു. കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി കളരിക്കൽ ജയനെ (48) യാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചിരുന്നത്. ഇതിനെതിരെ ജയൻ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിന് പോയിരുന്നു. എന്നാൽ, പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പൊലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇയാൾക്ക് കുറവിലങ്ങാട്, തൃശ്ശൂർ ഈസ്റ്റ്, മൂവാറ്റുപുഴ, തിരുവല്ല, പന്തളം എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ കേസുകൾ നിലവിലുണ്ട്.