തൊടുപുഴ: കപ്പത്തൊലി കഴിച്ച് 13 പശുക്കൾ ചത്തുപോകാനിടയായതിന് കാരണം കപ്പത്തൊലിയിലെ സൈനേഡിന്റെ അംശം തന്നെയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അനിമൽ ഡിസീസ് ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം ഉറപ്പായത്. പശുക്കളുടെ കോശ സാമ്പിളുകളിൽ സൈനേഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ലാബിലെ പരിശോധനയിൽ മറ്റ് അണുബാധകൾ ഒന്നുമില്ലെന്ന് വ്യക്തമായെന്നും വകുപ്പ് പി.ആർ.ഒ ഡോ. നിശാന്ത് എം പ്രഭ പറഞ്ഞു. മറ്റ് തീറ്റകൾ ഒന്നും പശുക്കളുടെ വയറിൽ ഇല്ലായിരുന്നു. കാലിയായ വയറിലേക്കാണ് അമിത അളവിൽ കപ്പത്തൊലി ചെന്നത്. പശുക്കൾ തിന്നശേഷം കപ്പത്തൊലി തൊഴുത്തിൽ ബാക്കി കിടക്കുകയായിരുന്നു. കട്ടുള്ള കപ്പയുടെ തൊലിയായിരുന്നു ഇത്. രക്ഷപെട്ട ഒമ്പത് പശുക്കൾക്ക് നൽകിയത് സൈനേഡിന്റെ ആന്റിഡോട്ടാണെന്നും ഡോ. നിശാന്ത് പറഞ്ഞു. കപ്പത്തൊലിയിലെ ഹൈഡ്രോ സൈനിക് ആസിഡാണ് മരണകാരണമെന്ന് സംഭവദിവസം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വകുപ്പ് കണ്ടെത്തിയിരുന്നു. പശുക്കൾ ചത്ത സംഭവവുമായി ബന്ധപ്പെട്ട് ഒരു പത്രത്തിൽ തങ്ങളെ ഉദ്ധരിച്ച് നൽകിയ വാർത്ത വ്യാജമാണെന്ന് കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.ഐ) വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സി.ടി.സി.ആർ.ഐ തള്ളിയെന്നാണ് വാർത്തയുടെ തലക്കെട്ട്. എന്നാൽ ഇത് കേന്ദ്രം നൽകിയതോ ഏതെങ്കിലും ശാസ്ത്രജ്ഞന്മാരുടെയോ ഡയറക്ടറുടെയോ അഭിപ്രായമല്ല. മരച്ചീനിയുടെ തൊണ്ട് കഴിച്ചാൽ പശു ചാകാൻ സാധ്യതയില്ലെന്നും കന്നുകുട്ടികൾക്ക് കൊടുത്താൽ സ്ഥിതി ഗുരുതരമാകാമെന്നും പറഞ്ഞതായി വന്ന വാർത്തയും ഈ സ്ഥാപനത്തിൽ നിന്നും നൽകിയതല്ല. കേന്ദ്രത്തിന്റെ യശസിന് ക്ഷതമുണ്ടാക്കുന്ന വസ്തുതാ വിരുദ്ധമായ ഇത്തരം വാർത്താ ഭാഗങ്ങൾ തങ്ങളുടെ ഔദ്യോഗിക അഭിപ്രായമല്ലെന്നും അത് പൂർണമായും പത്രത്തിന്റെ മാത്രം അഭിപ്രായമാണെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.