അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണോ അതോ വീണ്ടും ഊർജ്ജിതമാക്കാനാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2017 ഏപ്രിൽ ആറിന് വൈകിട്ടോടെയാണ് താഴത്തങ്ങാടി അറുപറയില്‍ നിന്നും ഹാഷിം, ഹബീബ ദമ്പതികളെ കാണാതായത്. ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോകുന്നുവെന്നായിരുന്നു മക്കളോട് പറഞ്ഞത്. രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് ഹാഷിമിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവയൊന്നും ദമ്പതിമാര്‍ കൊണ്ടുപോകാതിരുന്നത് സംശയം ഉയർത്തിയിരുന്നു. കാണാതാകുന്നതിന് മുമ്പുള്ള ദിവസം ഹാഷിം പീരുമേട് പോയതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ കൊക്കകളിലും ജലാശയങ്ങളിലും പരിശോധന നടത്തിയിരുന്നു.
ലോക്കൽ പൊലീസ് അന്വേഷണം ഫലംകാണാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘം മറിയപ്പള്ളിയിലെ വലിയ പാറക്കുളം വരെ വറ്റിച്ച് തിരച്ചിൽ നടത്തിയിരുന്നു. വാഗൺ ആർ കാറിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ റോഡിലെ സി.സി ടി.വി കാമറയിൽ നിന്ന് ലഭിച്ചെങ്കിലും പിന്നിട് വാഹനം പോയ ദൃശ്യങ്ങൾ ലഭിച്ചില്ല. വാഹനത്തോടെ ദമ്പതികളെ ചില സംഘങ്ങൾ കണ്ടെയ്നറിൽ കയറ്റികൊണ്ടുപോയി മതപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന അഭ്യൂഹം ചിലർ പരത്തിയെങ്കിലും പൊലീസ് സ്ഥിരീകരണം ലഭിച്ചില്ല.
ഞാൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഡി.ജി.പി ടി.പി.സെൻകുമാിന്റെ നിർദ്ദേശപ്രകാരം വിശദമായ അന്വേഷണം നടത്തിയിരുന്നു. കേരളത്തിന് പുറമേ തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലും അന്വേഷിച്ചു. ദുരൂഹത നിലനിൽക്കുമ്പോഴും അവർ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളത്.
എൻ.രാമചന്ദ്രൻ (മുൻ ജില്ലാ പൊലീസ് മേധാവി)
