
കോട്ടയം: മകരവിളക്ക് പ്രമാണിച്ച് കോട്ടയത്ത് നിന്ന് കൂടുതൽ സർവീസുമായി കെ.എസ്.ആർ.ടി.സി. മകരവിളക്ക് സീസണിൽ നിലവിൽ 50 ബസുകളാണ് കോട്ടയം കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്നത്. തിരക്ക് പരിഗണിച്ച് മകരവിളക്കിന് മുമ്പുള്ള മൂന്നു ദിവസങ്ങളിൽ 10 ബസുകൾ കൂടി അധിക സർവീസ് നടത്തും. മണ്ഡലകാലത്തെ പാകപ്പിഴകൾകൂടി കണക്കിലെടുത്താണ് തീരുമാനം. മണ്ഡലകാലത്ത് 45 ബസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗിന്റെ പേരിൽ പലപ്പോഴും യാത്രക്കാരുടെ സൗകര്യമനുസരിച്ച് സർവീസ് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മണ്ഡലകാലത്ത് രണ്ടു ഘട്ടങ്ങളിലായി തമിഴ്നാട്ടിലുണ്ടായ പ്രളയവും കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ ബാധിച്ചിരുന്നു. എന്നാൽ മകരവിളക്ക് സീസണിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്.
ബസുകൾ എരുമേലി വഴി
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് എരുമേലി വഴി പമ്പയ്ക്കാണ് മുഴുവൻ സർവീസുകളും ക്രമീകരിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ സദാസമയവും തീർത്ഥാടകരെ കാത്ത് കെ.എസ്.ആർ.ടി.സിയുണ്ടാകും. മകരവിളക്ക് ദർശനത്തിന് ശേഷമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണവുമുണ്ട്. പമ്പയിൽ നിന്നു മടങ്ങിവരുന്ന ബസുകളിൽ 12 എണ്ണം കൂടി മകരവിളക്ക് ദിവസം തിരിച്ചു പമ്പയിലേക്ക് വിടും. പമ്പയിലേക്കുള്ള യാത്രയിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നില്ലെങ്കിലും തിരികെയുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
കോട്ടയത്തേയ്ക്ക് സർവീസുകൾ: 80
മകരവിളക്ക് ദർശനത്തിന് ശേഷം കോട്ടയത്തേയ്ക്ക് 80 സർവീസുകൾ വരെ ഓപ്പറേറ്റ് ചെയ്യാനാണ് അധികൃതരുടെ ശ്രമം. മകരവിളക്ക് സീസൺ അവസാനിക്കുമ്പോൾ റെക്കാഡ് വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
അധിക ബസുകൾ: 10 എണ്ണം
ജില്ലയിലെത്തുന്ന എല്ലാ തീർത്ഥാടകരെയും പമ്പയിൽ എത്താനുള്ള ക്രമീകരണം ഏർപ്പെടുത്തും. ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
കെ.എസ്.ആർ.ടി അധികൃതർ