
കോട്ടയം:വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടന്നിരുന്ന ജനറൽ ആശുപത്രി കോമ്പൗണ്ടിലെ റോഡിന് ശാപമോക്ഷമായി. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയാണിത്. ദിനംപ്രതി നൂറ് കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആതുരാലയത്തിലാണ് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് സ്ഥിതി ചെയ്തിരുന്നത്. മൂന്ന് കവാടങ്ങളാണ് ആശുപത്രിയിലുള്ളത്.
ആശുപത്രിയുടെ പിൻവശം റോഡിലുള്ള പ്രവേശന കവാടമാണ് പൂർണമായി തകർന്ന് തരിപ്പണമായി കിടന്നിരുന്നത്. വലുതും ചെറുതുമായ കുഴികളും ഇവിടെ രൂപപ്പെട്ടിരുന്നു. കയറ്റവും ഇറക്കവും ഉള്ള റോഡിൽ കുഴികളും കല്ലുകളും നിറഞ്ഞത് ദുരിതമായിരുന്നു. മോർച്ചറി, ടി.ബി വിഭാഗം, എൻ.എച്ച്.എം വിഭാഗം എന്നിവ പ്രവർത്തിക്കുന്നത് തകർന്ന റോഡിനോട് ചേർന്നാണ്. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമായിരുന്നു. കനത്ത മഴയിൽ റോഡിൽ കല്ലും മണ്ണും കുത്തിയൊലിച്ച് ഒഴുകുന്നതും പതിവായിരുന്നു.
10 ലക്ഷം അനുവദിച്ചു
ആശുപത്രി റോഡ് തകർന്ന് കിടക്കുന്നത് സംബന്ധിച്ച് നിരന്തരം പത്രമാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതേതുടർന്ന് ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും റോഡ് നന്നാക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുക അനുവദിച്ചെങ്കിലും എട്ടുമാസമായി നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല. ടെൻഡർ എടുക്കാൻ ആളില്ലാതിരുന്നതാണ് നിർമ്മാണം വൈകാൻ ഇടയാക്കിയത്.
മൂന്ന് രീതിയിൽ നിർമ്മാണം
കോൺക്രീറ്റ്, ഇന്റർലോക്ക് കട്ടകൾ പാകൽ, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം എന്നിങ്ങനെ മൂന്ന് രീതിയിലാണ് റോഡിന്റെ നിർമ്മാണം. കൂടാതെ,ഹാൻഡ് ഡ്രില്ലും സ്ഥാപിക്കുന്നുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോൺക്രീറ്റിംഗ് ജോലികൾ പുരോഗതിയിലാണ്. രണ്ടാഴ്ച്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ( ആനന്ദക്കുട്ടൻ, എച്ച്.എം.സി മെമ്പർ)