
കോക്കുന്നേൽപടിയെത്തിയാൽ മൂക്കുപൊത്തണം
കറുകച്ചാൽ: എന്തൊരു ദുർഗതിയാണ്. ചങ്ങനാശേരി വാഴൂർ റോഡിലെ കോക്കുന്നേൽപടിയെത്തിയാൽ യാത്രക്കാർ സ്വയം ശപിച്ചുപോകും. മാലിന്യം ഒരുവഴി, അതിൽനിന്നുള്ള ദുർഗന്ധം മറുവഴി. കഠിനമാണ് യാത്രയെന്ന് ആരുംപറയും. ചങ്ങനാശേരി വാഴൂർ റോഡിന്റെ തിരക്കൊഴിഞ്ഞ ഭാഗങ്ങൾ ഡംപിംഗ് യാഡിന് സമാനമാണ്. കോക്കുന്നേൽപടിയിൽ മാത്രമല്ല പന്ത്രണ്ടാംമൈൽ, മൈലാടി, കാഞ്ഞിരപ്പാറ, ഉദയപുരം എന്നിവിടങ്ങളിലെല്ലാം സ്ഥിതി ദയനീയം. രാത്രിയിൽ ചാക്കിൽകെട്ടിയും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയും മാലിന്യം തള്ളും. ഹോട്ടലുകൾ, തട്ടുകടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യവുമുണ്ട്. ഇവ ചീഞ്ഞളിഞ്ഞാൽ പിന്നെ യാത്രക്കാർ ജീവനുകൊണ്ട് ഓടുന്നത് പതിവ് കാഴ്ചയാണ്.
വൃത്തിയാക്കാതെ രക്ഷയില്ല
റോഡരികിലെ കാടും പടർപ്പും മാലിന്യ തള്ളുന്നവർക്ക് സഹായമാണ്. കാടുവളർന്ന സ്ഥലങ്ങളിലാണ് പതിവായി മാലിന്യം തള്ളുന്നത്. പ്രദേശത്ത് പൊലീസ് രാത്രികാല പട്രോളിംഗ് നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നിരീക്ഷണ കാമറകൾ സ്ഥാപിച്ചാൽ കുറ്റക്കാരെ പിടികൂടാനും കഴിയും.