rhul

എരുമേലി:യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. എരുമേലി മുക്കൂട്ടുതറ മാറിടം കവല കോലഞ്ചിറ വീട്ടിൽ രാഹുൽ (33), ഭാര്യ ചിഞ്ചുമോൾ (29) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഡിസംബർ 31ന് രാത്രി എരുമേലി എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഇവർ മർദ്ദിച്ചു. യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നതിന്റെ തുടർച്ചയായാണ് ആക്രമണം. പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു.. എരുമേലി എസ്.എച്ച്.ഒ ഇ.ഡി ബിജു, എസ്.ഐമാരായ ശാന്തി കെ.ബാബു, അബ്ദുൾ അസീസ്, ജയ്‌മോൻ, സി.പി.ഒമാരായ ഹരീഷ്‌കുമാർ, മനോജ്, ഷഹീദാ ബീഗം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റ് പ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.