വൈക്കം: പുതുവത്സരം ആഘോഷിക്കാനായി ഗോവയിൽ പോയ വൈക്കം സ്വദേശികളായ മൂന്നു സുഹൃത്തുക്കളിൽ ഒരാളുടെ മൃതദേഹം ഗോവയിലെ ബീച്ചിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് മരണപ്പെട്ട യുവാവിന്റെ കുടുംബം.
വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷി (20)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ ബീച്ചിൽ കണ്ടെത്തിയത്. ഗോവയിൽ നടന്ന ഡി.ജെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യം വീട്ടുകാർക്ക് ലഭിച്ചിരുന്നു. ഈ വീഡിയോ ദൃശ്യത്തിൽ ഒരാൾ സഞ്​ജയിനെ വിളിച്ചു കൊണ്ട് പോകുന്നത് കാണാം. തുടർന്നാണ് സഞ്ജയിനെ കാണാതായത്.അവിടെ ഉണ്ടായിരുന്ന ചിലർ ക്രൂരരമായി മർദ്ദിച്ചതിനെ തുടർന്നാണ് മകൻ മരണപ്പെട്ടതെന്നാണ് അവിടെ നിന്നു ലഭിച്ച വിവരമെന്നാണ് പിതാവ് സന്തോഷ് ആരോപിക്കുന്നത്. സഞ്ജയിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈലും കവർന്ന ശേഷം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം താൽക്കാലികമായി ഒരുക്കിയ ഡിജെ പാർട്ടിയുടെ സ്റ്റേജിനടിയിൽ ഒളിപ്പിച്ച ശേഷം കടലിലെറിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്. നെഞ്ചിലും പുറത്തും മർദ്ദനമേറ്റതിന്റെ ക്ഷതമുണ്ടായിരുന്നു. പോസ്റ്റ്‌മോമോർട്ടം റിപ്പോർട്ടിൽ വെള്ളം ഉള്ളിൽ ചെന്നല്ല മരണമെന്ന് സൂചനയുണ്ടെന്നും സന്തോഷ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തുമ്പോൾ മുഖം മീനുകൾ കൊത്തി വികൃതമാക്കിയ നിലയിലായിരുന്നു. വസ്ത്രങ്ങൾ കണ്ട് പിതാവ് സന്തോഷാണ് മരണപ്പെട്ടത് സഞ്​ജയാണെന്ന് തിരിച്ചറിഞ്ഞത്. ഗോവ പൊലീസ് യുവാവിനെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബീച്ചിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വ്യാഴാഴ്ച രാത്രി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

കഴിഞ്ഞ 29നാണ് സഞ്ജയ് സന്തോഷും സുഹൃത്തുക്കളും കുലശേഖരമംഗലം സ്വദേശികളുമായ കൃഷ്‌ണേദേവ് , ജയകൃഷ്ണൻ എന്നിവർക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്. 30ന് ഗോവയിലെത്തി. 31ന് പുതുവത്സരാഘോഷത്തിൽ ഇവർ പങ്കെടുത്തിരുന്നു. ഓൺലൈനായി പണമൊടുക്കി ബുക്ക് ചെയ്താണിവർ ഡി ജെ പാർട്ടിയിൽ പങ്കെടുത്തത്. രാത്രി പാർട്ടി കഴിഞ്ഞ് ഇവർ താമസിക്കുന്ന മുറിയിൽ വന്നെന്നും പുലർച്ചെ മുതൽ സഞ്ജയിനെ കാണാതായെന്നുമായിരുന്നു സുഹൃത്തുക്കളുടെ മൊഴി. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഗോവയിലെ മലയാളി അസോസിയേഷൻ മുൻകൈയെടുത്ത് ഗോവ പൊലീസിനെ സമീപിച്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.തലയോലപറമ്പ് പൊലീസും ഗോവ പൊലീസുമായി ബന്ധപ്പെട്ടിരുന്നു.