
ചങ്ങനാശേരി: കുഞ്ഞുങ്ങൾ രാഷ്ട്രത്തിന്റെ സ്വത്താണെന്നും അതുകൊണ്ടാണ് അവർക്കായി സമൂഹം ഏറ്റവും വലിയ നിക്ഷേപം നടത്തുന്നതെന്നും സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി ഡയറക്ടർ ബി.അബുരാജ് പറഞ്ഞു. നഗരസഭാ സർക്കാർ സ്‌കൂളുകളിലെ നാലു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സർവ്വതോൻമുഖ വികാസ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയുള്ള ഇൻസൈറ്റ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരസഭ അദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ഗവ.മുഹമ്മദൻ യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതി അദ്ധ്യക്ഷ പ്രിയ രാജേഷ്, കൗൺസിലർമാരായ ഉഷ മുഹമ്മദ് ഷാജി, മുരുകൻ, വിനീത എസ്.നായർ, പ്രസന്നകുമാരി, എഫ്.സി.എച്ച് സോണി പീറ്റർ, ഇൻസൈറ്റ് കോ ഓർഡിനേറ്റർ എ.എം അൻസാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് റിനി കെ.രാജൻ എന്നിവർ പങ്കെടുത്തു.