
പാലാ: നാനൂറ് വർഷം പഴക്കമുള്ള വീട് ! മേൽക്കൂരയിലെ നേരിയ കേടുപാടുകളല്ലാതെ മറ്റൊരു തകരാറുമില്ലാത്ത വീട്ടിൽ ഇപ്പോഴും ആൾത്താമസം. കോട്ടയം ജില്ലയിൽ ഇത്ര പഴക്കമുള്ള വീടുകൾ അത്യപൂർവ്വം. ഉണ്ടെങ്കിൽത്തന്നെ അതിൽ ഇപ്പോഴും ആൾത്താമസമുള്ളത് ഒന്നോ രണ്ടോ വീടുകളിൽ മാത്രം.
പാലായ്ക്കടുത്ത് കുറിഞ്ഞി കുഴികണ്ടത്തിൽ തറവാടാണ് നൂറ്റാണ്ടുകളുടെ പ്രായത്തിനിടയിലും ജനവാസവുമായി തലയുയർത്തി നിൽക്കുന്നത്.
ഏതാനും നാൾ മുമ്പ് പുരാവസ്തു വകുപ്പുകാർ ഈ വീട്ടിൽ പരിശോധനയ്‌ക്കെത്തി. കഴിഞ്ഞ ദിവസം അതിന്റെ ഫലമറിയിച്ചു; നാനൂറിൽപരം വർഷങ്ങളുടെ പഴക്കം.
നാല് നൂറ്റാണ്ടുമുമ്പ് വീട് നിർമ്മിച്ച സമയത്ത് മേൽക്കൂരയിൽ വൈക്കോലായിരുന്നു മേഞ്ഞിരുന്നത്. ഇതിന് താഴെ വിശാലമായ വെട്ടുകല്ലുംകൊണ്ടുള്ള ഒരു തട്ടുണ്ടായിരുന്നു. ഏതെങ്കിലും കാരണവശാൽ മേൽക്കൂരയിൽ തീ പിടിച്ചാൽ തീ മുറികളിലേക്ക് പടരാതിരിക്കാനുള്ള തട്ട്. മധ്യതിരുവിതാംകൂറിൽ നാനൂറ് വർഷത്തിനുമേൽ പഴക്കമുള്ള വീടുകളിൽ മാത്രമേ ഇത്തരം തട്ടുകൾ നിർമ്മിച്ചിരുന്നുള്ളൂവെന്ന് പുരാവസ്തു വകുപ്പുകാർ അറിയിച്ചതായി ഇപ്പോൾ ഈ വീട്ടിലെ ഗൃഹനാഥനും കുഴികണ്ടത്തിൽ കുടുംബട്രസ്റ്റ് കാരണവരുമായ കെ.ആർ. രമേശ് ''കേരള കൗമുദി''യോട് പറഞ്ഞു.
കുഴികണ്ടത്തിൽ കുടുംബത്തിലെ ഏഴാം തലമുറയിൽപെട്ടയാളാണ് രമേശ്. ഇദ്ദേഹത്തിന്റെയും കുടുംബട്രസ്റ്റിലെ മറ്റ് ഭാരവാഹികളായ അനിൽ പല്ലാട്ടിന്റെയും പ്രൊഫ. സുധീഷിന്റെയും നേതൃത്വത്തിലാണ് ഇപ്പോഴത്തെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്.
വീട് അറയും നിരയും ചേർന്നതാണ്. നാലുവശത്തും വിശാലമായ തിണ്ണയുണ്ട്. ഇതിനോട് ചേർന്നു തന്നെ നൂറ്റമ്പത് വർഷം പഴക്കമുള്ള മറ്റൊരു കെട്ടിടവുമുണ്ട്. വലിയ ചീനഭരണികൾ, അത്യപൂർവ്വ വിളക്കുകൾ, പത്തായവും നിലവറയും ഉൾപ്പെടെയുള്ളവയും ഈ കെട്ടിടത്തിലുമുണ്ട്. നൂറ്റമ്പത് വർഷത്തോളം പഴക്കമുള്ള വിവിധ രേഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് വൈക്കോൽ മേൽക്കൂര മാറ്റി ഓടിട്ടു. ഇപ്പോൾ ഓടുകൾ പഴകി. ഇതും ഉടൻ മാറ്റും. കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വനദുർഗ്ഗ കാവ്, സർപ്പക്ഷേത്രം എന്നിവയുടെയെല്ലാം ചുമതല കുഴികണ്ടത്തിൽ കുടുംബട്രസ്റ്റിനുണ്ട്.
ഭാര്യ: സിന്ധു, മക്കൾ: അരവിന്ദ്, അനന്തകൃഷ്ണൻ എന്നിവരോടൊപ്പമാണ് നൂറ്റാണ്ടുകളുടെ പ്രായമുള്ള കുഴികണ്ടത്തിൽ തറവാട്ടുവീട്ടിൽ രമേശിന്റെ താമസം.
പൗരാണികത ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം
കുറിഞ്ഞി കുഴികണ്ടത്തിൽ തറവാടിന്റെ പൗരാണികത കേട്ടറിഞ്ഞ് നിരവധി സഞ്ചാരികളും ചരിത്ര വിദ്യാർത്ഥികളുമൊക്കെ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇങ്ങനെ കാഴ്ചക്കാരുണ്ടാകാറുണ്ടെന്ന് ട്രസ്റ്റി കെ.ആർ. രമേശ് പറഞ്ഞു.