kulakadav

എരുമേലി: ദിവസവും നൂറുകണക്കിനു പേർ കുളിക്കുന്ന നദിയിലെ കടവിൽ ശൗചാലയങ്ങൾ ഇല്ലെങ്കിൽ എന്താണ് നദിയിലെ വെള്ളത്തിന്റെ അവസ്ഥയെന്ന് ഊഹിക്കാവുന്നതാണ്. ടൂറിസം ഡെസ്റ്റിനേഷൻ ആയി സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിച്ച എരുമേലിയിലെ കൊരട്ടിയിൽ മണിമലയാറിലെ കടവിലാണ് ഈ ദുരവസ്ഥ. ശബരിമല സീസണിൽ തീർത്ഥാടനത്തിന് എത്തുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ കടവിൽ കുളിക്കുന്നത്. ഇതിനു പുറമേ എരുമേലിയിൽ തമ്പടിച്ച ഇതര സംസ്ഥാന കച്ചവട സംഘങ്ങൾ അഞ്ഞൂറോളം പേരാണ്. ഇവരെല്ലാം ഈ കടവിൽ കുളിക്കാനെത്തുന്നുണ്ട്. മലമൂത്ര വിസർജനത്തിന് ശൗചാലയങ്ങൾ ഇല്ലാത്തത് മൂലം നദിയിലും കരയിലും വിസർജന മാലിന്യങ്ങൾ നിറയുന്നെന്ന് നാട്ടുകാർ പറയുന്നു. കടവിലെ ചെക്ക് ഡാം തകർച്ചയിലുമാണ്. പാലത്തിന് തൊട്ടു താഴെ പതിറ്റാണ്ടുകൾക്ക് മുമ്പു നിർമ്മിച്ചതാണ് ചെക്ക്ഡാം. പാലത്തിന്റെ അടിയിൽ ചേർന്നു ചെക്ക് ഡാം നിർമ്മിച്ചത് മൂലം പാലത്തിന്റെ ഉറപ്പിന് ഭീഷണിയുണ്ട്. ചെക്ക് ഡാമിന്റെ കരിങ്കൽകെട്ടുകൾ പൊളിഞ്ഞ് അടർന്ന നിലയിലായിട്ട് വർഷങ്ങളായി. ചെക്ക് ഡാമിൽ ജലനിരപ്പ് താഴാതിരിക്കാൻ കെട്ടുകൾ പൊളിഞ്ഞ ഭാഗങ്ങളിൽ മണൽ നിറച്ച ചാക്കുകൾ അടുക്കി ആണ് വെള്ളം സംഭരിക്കുന്നത്. എന്നാൽ ഇത് മൂലം വീണ്ടും കരിങ്കൽ കെട്ടുകൾ പൊളിഞ്ഞുപോകുന്നു. ഈ ചെക്ക് ഡാം പൊളിച്ചു മാറ്റണമെന്നും ശാസ്ത്രീയമായ നിലയിൽ പുതിയ ചെക്ക് ഡാം അനുയോജ്യമായ സ്ഥലത്ത് നിർമ്മിക്കണമെന്നും ഒപ്പം ശൗചാലയങ്ങൾ നിർമ്മിക്കണമെന്നും ആവശ്യം ശക്തമാണ്. മുമ്പ് ബജറ്റിൽ ഇതിനു തുക അനുവദിച്ചെങ്കിലും നിർമ്മാണം നടന്നില്ല. ശുചിത്വമിഷന്റെ സഹായത്തോടെ ശൗചാലയങ്ങൾ നിർമ്മിക്കാൻ ആവിഷ്കരിച്ച പദ്ധതിയും നടപ്പിലായില്ല.