
കോട്ടയം: കിലോക്ക് പതിനൊന്നു രൂപ വരെ ഉയർന്നതോടെ പുതുവർഷാരംഭത്തിൽ കുരുമുളകിന് നല്ല കാലമായി.
ഉത്തരേന്ത്യൻ വിപണിയിൽ കിലോക്ക് 25 രൂപ വരെ ഉയർന്നതോടെയാണ് കേരളത്തിലും വില ഉയരുന്ന പ്രവണത ഉണ്ടായത് . വില ഉയർന്നതോടെ ഇടനിലക്കാർ കുരുമുളക് പിടിച്ചുവെച്ച് ഡിമാൻഡ് കൂട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വില ഇടിഞ്ഞാൽ അമിത ലാഭം സ്വപ്നം കണ്ട സ്റ്റോക്ക് ചെയ്തവ വിപണിയിലേക്ക് ഒഴുകും. ഇത് വില കുത്തനെ ഇടിക്കുമെന്ന ഭീതി വ്യാപാരികൾ പ്രകടിപ്പിക്കുന്നു.
വില ഉയർന്നതോടെ ഇറക്കുമതി ചെയ്ത സാന്ദ്രത കുറഞ്ഞ വിദേശ കുരുമുളക് നാടനിൽ കലർത്തി ലാഭക്കൊതിയോടെ വിൽക്കാൻ ഉത്തരേന്ത്യൻ വ്യാപാരികൾ ശ്രമം തുടങ്ങി. ഇത് നാടൻ കുരുമുളകിനും ദോഷമായേക്കും.
വിഷാംശം കലർന്ന സാൽമന്റോല ബാക്ടീരിയ പിടിപെട്ട ബ്രസീൽ മുളകിന് ആവശ്യക്കാർ കുറവാണ്. 100 ഡോളർവരെ വിലക്കുറവുള്ള ഇത് വിയറ്റ്നാം വാങ്ങി ഇന്ത്യയിലേക്ക് ശ്രീലങ്ക വഴി കയറ്റുമതി ചെയ്യുന്നു. ഈ കുരുമുളകാണ് നമ്മുടെ നാടൻ കുരുമുളകിൽ കലർത്തി ഉത്തരേന്ത്യൻ ലോബി വിൽക്കുന്നത്. ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ദോഷകരമായ് ബാധിക്കുന്നത് നമ്മുടെ നാടൻ കുകുമുളകിന്റെ ഭാവിയെയാണ്. വിഷാംശമുള്ള കുരുമുളക് നാടൻ കുരുമുളകിൽ കലർത്തുന്നത് തടയാൻ ഒരു ശ്രമവും കേന്ദ്ര സർക്കാർ നടത്തുന്നില്ല.
ഫെബ്രുവരിയോടെ പുതിയ കുരുമുളക് വിപണിയിൽ എത്തുന്നതോടെ വില ഇടിയുമെന്ന ഭീതിയും കർഷകർക്കുണ്ട്. ചെറുകിട കർഷകരുടെ തോട്ടങ്ങളിൽ വിളവ് കുറവാണ് .മഴ കുറഞ്ഞതും വേനൽ ശക്തവുമായ കാലാവസ്ഥാ വ്യതിയാനം മുളക് മണികളെ ബാധിച്ചു . വളം വില വർദ്ധിച്ചതും ചെലവ് കൂട്ടി. അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന കമക്കുകൂട്ടലിൽ സേറ്റോക്ക് ചെയ്യാനുള്ള പ്രവണത വർദ്ധിച്ചിരിക്കുകയാണ്.
കയറ്റുമതി നിരക്ക് (ക്വിന്റലിന്)
ഇന്ത്യ ഒരു ടൺ കുരുമുളക് - 7450 ഡോളർ
ശ്രീലങ്ക -6500 ഡോളർ
വിയറ്റ് നാം 4000 ഡോളർ
ബ്രസീൽ -3200 ഡോളർ
ഇന്തോനേഷ്യ - 4500 ഡോളർ
കൊച്ചി വില- അൺഗാർ ബിൾഡ്-കിലോ 597
ഗാർബിൾഡ് - 617
പുതിയത് - 587
ഒരു വർഷത്തിനു ശേഷമാണ് കുരുമുളക് വില വീണ്ടും 600 ന് മുകളിൽ എത്തുന്നത്.കഴിഞ്ഞ സെപ്തംബറിൽ 500ൽ എത്തിയിരുന്നു. പിന്നീട് അടിക്കടി ഉയരുകയായിരുന്നു .