വാഴൂർ: ദേശീയപാതിൽ പതിനേഴാംമൈലിന് സമീപം ഇളംപള്ളി കവലയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കാലിന് പരിക്കേറ്റ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കൊല്ലം സ്വദേശി ലെനിൻ (42) നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങൂർ ടി.എം.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രണ്ടരയോടെയായിരുന്നു അപകടം. പൊൻകുന്നത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിനെ മറികടക്കുമ്പോൾ എതിർദിശയിൽ പൊൻകുന്നത്തേക്ക് വന്ന സ്വപ്‌ന ബസിൽ ഇടിക്കുകയായിരുന്നു. ഇരുബസുകളുടെയും മുൻവശം തകർന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
പള്ളിക്കത്തോട് പൊലീസ് മേൽനടപടി സ്വീകരിച്ചു.