
ചങ്ങനാശേരി : പെരുന്ന മാരണത്തുകാവ് ശ്രീ അംബികാ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. തിരുവല്ല കുറ്റപ്പുഴ വില്ലേജ് തിരുമൂലപുരം മംഗലശ്ശേരിക്കടവ് കോളനിയിൽ മണിയൻ (56) ആണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്. 30 ന് രാത്രിയിലാണ് ക്ഷേത്രത്തിലെ പ്രധാന കാണിക്ക വഞ്ചിയും കുടവും കുത്തിപ്പൊളിച്ചത്. സി.സി.ടി.വി ക്യാമറകളുടെ ദിശമാറ്റി വച്ച ശേഷമായിരുന്നു മോഷണം. എന്നാൽ മോഷ്ടാവിന്റെ കണ്ണിൽപ്പെടാതിരുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ചങ്ങനാശേരി ഡിവൈ.എസ്.പി എ.കെ വിശ്വനാഥന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ എം.ജയകൃഷ്ണൻ, പ്രസാദ് ആർ.നായർ, ജീമോൻ മാത്യു, സീനിയർ സി.പി.ഒ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, സൈനി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പകൽ ലോട്ടറി വില്പന
പകൽ സമയങ്ങളിൽ ലോട്ടറി വില്പനക്കാരനെന്ന നിലയിൽ നടന്ന് സ്ഥലവും പരിസരവും വീക്ഷിച്ചശേഷം രാത്രികാലങ്ങളിൽ മോഷണം നടത്തുകയാണ് പതിവ്. ചങ്ങനാശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആരാധാനലയങ്ങളിൽ മോഷണം നടത്തിയ കേസിൽ ഇയാൾ പ്രതിയാണ്. ശിക്ഷ കഴിഞ്ഞ് അടുത്തനാളിലാണ് ഇയാൾ ജയിൽമോചിതനായത്.