
കോട്ടയം : തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും കടിയിൽ പുളഞ്ഞ് പാവം ജനം. ഇന്നലെ 22 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം മൂലേടത്ത് ആറ് വയസുകാരന് ഉൾപ്പെടെ എട്ടുപേർക്കാണ് നായയുടെ കടിയേറ്റത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. ഇത് അപകടത്തിനും ഇടയാക്കും. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്. വളർത്തുമൃഗങ്ങൾക്കും കോഴികൾക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നു.
വില്ലൻ മാലിന്യം തന്നെ
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കളുടെ നടുവിലാണ്.
ഇവിടം ഇവരുടെ താവളം
കോടിമത, ഗുഡ്ഷെപ്പേർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചന്തക്കടവ് എം.എൽ റോഡ്, കോടിമത, ടി.ബി റോഡ്
''നായശല്യവും, മാലിന്യ നിക്ഷേപവും നിയന്ത്രിക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല. കൃത്യമായ വന്ധ്യകരണം നടക്കാത്തതും പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നു.
-രാജശേഖരൻ, വഴിയാത്രക്കാരൻ
കടിയേറ്റവരുടെ എണ്ണം
കഴിഞ്ഞ ഒരാഴ്ച : 142
കഴിഞ്ഞ ഒരു മാസം : 430
കഴിഞ്ഞ ഒരു വർഷം : 5049