കോട്ടയം: എട്ടുമുറി കോളനിയിലെ അഞ്ച് കുടുംബങ്ങൾക്ക് വീടായി. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലാണ് എട്ടുമുറി കോളനി സ്ഥിതി ചെയ്യുന്നത്. സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാൻ ആയിരുന്ന കാലത്ത് നിർമ്മിച്ച ഗോശാലയിൽ ഏഴ് മുറികളാണ് പിന്നീട് ഏഴ് കുടുംബങ്ങൾക്ക് പാർപ്പിടമായി തീർന്ന എട്ടുമുറി കോളനിയായി തീർന്നത്. ഏഴ് ഗുണഭോക്താക്കളിൽ രണ്ട് പേർ വീട് ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നൽകിയിരുന്നു. 100 വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ആദ്യം സാങ്കേതിക അനുമതി നിഷേധിച്ച പ്രോജക്ട് പിന്നീട് സെൻട്രൽ കമ്മിറ്റിയുടെ അംഗീകാരം നേടിയെടുക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഗ്രാമ പഞ്ചായത്തംഗം സുജാത സുശീലൻ, വാർഡ് മെമ്പർ പ്രശാന്ത് മനന്താനം, പി.ഐ.യു പ്രജക്ട് ഡയറക്ടർ ബെവിൻജോൺ വർഗീസ്, അസി. പ്രോജക്ട് ഡയറക്ടർ ജോതിലക്ഷ്മി എസ്സ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അരുൺ ബാബു, കെ.ഡി സുഗതൻ, രാജേഷ്, മഞ്ജീഷ് ബി.ആർ , ബെറ്റി ടോജോ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സബിത കെ.ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.