lory-

കോ​ട്ടയം : റോഡിന്റെ പാതിയിലേറെ ഭാഗം നിരനിരയായി കിടക്കുന്ന ക​ണ്ടെ​യ്​നർ ലോ​റികൾ. പലതും കേടായവ, ചിലതാകട്ടെ ഉപേക്ഷിക്കപ്പെട്ടത്. ഇതിനിടയിൽക്കൂടി വേണം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ. അതും അപകടം മുന്നിൽക്കണ്ട്. നഗരത്തിലെ ഏറെ തിരക്കേറിയ കോ​ടി​മ​ത എം.ജി റോ​ഡി​ലാണ് ഈ ദുരിതം. യന്ത്രഭാഗങ്ങളും ടയറുകളും ഊരിമാറ്റിയതിനാലാണ് ലോറികൾ ഇവിടെ നിന്ന് മാറ്റാനാകാത്തത്. പലതും തുരുമ്പെടുത്ത് കാടുമൂടി. എം.സി റോഡിനെ കെ.കെ റോഡുമായി ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണിത്. പുളിമൂട് കവലയിൽ നിന്ന് പഴയമാർക്കറ്റ് വഴി കോടിമത പച്ചക്കറി മാർക്കറ്റിന് മുൻപിലൂടെയാണ് റോഡ് കടന്നു പോകുന്നത്. തെ​രു​വ് നാ​യ്​ക്കൾ ഉൾ​പ്പെ​ടെ ലോറിക്കടിയിൽ ത​മ്പ​ടി​ക്കുകയാ​ണ്.


കാഴ്ച മറയും, അപകടം അരികിൽ
എതിരെ വരുന്ന വാഹനം കാണാൻ പറ്റാത്ത രീതിയിലാണ് ലോറികൾ പാർക്ക് ചെയ്യുന്നത്. നഗരത്തിലെ വിവിധ വാഹന ഷോറൂമുകളിലേക്കുള്ള ലോഡുമായി എത്തുന്ന അന്യസംസ്ഥാനത്തുനിന്നുമുള്ള ലോറികളാണ് ഭൂരിഭാഗവും. ഇരു ചക്രവാഹന യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും പ്രതിസന്ധിയാണ്. ലോറികൾ പാർക്ക് ചെയ്യുന്നതിന് നഗരസ​ഭ പ​ണം ഈ​ടാ​ക്കു​ന്നുണ്ടെങ്കിലും അനധികൃത പാർക്കിംഗ് തടയുന്നില്ല.