ഏഴാച്ചേരി: ഏരുമേലി പേട്ടകെട്ടിന് മുന്നോടിയായി കാണിക്കിഴി സമർപ്പിക്കാൻ പ്രസിദ്ധമായ ആലങ്ങാട്ട് സംഘം നാളെ രാവിലെ 7.30ന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തും. പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്. എം.എൻ. രാജപ്പൻ നായർ, പുറയാറ്റിക്കളരിയിൽ രാജേഷ് കുറുപ്പ് എന്നീ യോഗപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘമാണ് കാവിൻപുറം ക്ഷേത്രത്തിലെത്തുന്നത്.
ഇതോടൊപ്പം സമൂഹനീരാജന സമർപ്പണവുമുണ്ട്. ആലങ്ങാട്ട് സംഘം അയ്യപ്പചൈതന്യമായി കൊണ്ടുവരുന്ന ഗോളകയിൽ ഭക്തർ നേരിട്ട് നീരാജനം ഉഴിഞ്ഞ് ദോഷപരിഹാരം നടത്തുന്ന വഴിപാടും കാവിൻപുറം ക്ഷേത്രത്തിൽ മാത്രമേയുള്ളൂ. എത്തിച്ചേരുന്ന ഓരോ ഭക്തർക്കും നേരിട്ട് അയ്യപ്പചൈതന്യത്തിന് മുന്നിൽ നീരാജനം ഒഴിയാനുള്ള അവസരമാണ് ലഭിക്കുന്നത്. സമൂഹ നീരാജനത്തിന് ശേഷം ആലങ്ങാട്ട് സംഘത്തിന് പ്രാതൽ സമർപ്പണവും നടത്തും.
നാളെയെത്തുന്ന ആലങ്ങാട്ട് സംഘത്തെ കാവിൻപുറം ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, തങ്കപ്പൻ കൊടുങ്കയം തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. അയ്യപ്പന് നേരിട്ട് സമൂഹനീരാജനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി വിവരം അറിയിക്കണം. ഫോൺ: 9745260444.