
കോട്ടയം: വിപണിയിലെ പൊള്ളും വിലയിൽ നിന്നും രക്ഷ നേടാനായി റേഷനരി വാങ്ങാമെന്ന് വെച്ചാലോ, അതിലാണെങ്കിൽ പുഴുവും ചെള്ളും. പരാതികൾ ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ല. ഒരു മാസം മുമ്പ് അരിയിൽ വ്യാപകമായി പുഴുക്കളെ കണ്ടെത്തിയതിനെത്തുടർന്ന് വൈക്കത്ത് 43 കടകളിലെ അരി മാറ്റി നൽകിയിരുന്നു.
കുത്തരിയിലാണ് പുഴുശല്യം രൂക്ഷം. വെളുത്ത നിറമുള്ള പുഴുക്കളും പുഴുക്കട്ടകളുമാണ് പല ചാക്കുകളിലും. ചാക്ക് പൊട്ടിക്കുമ്പോൾ, പുഴുക്കളെ കാണണമെന്നില്ല. പിന്നീട്, കണ്ടാലും വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് കട ഉടമകൾ. ഇതേത്തുടർന്ന് കാർഡ് ഉടമകളും കട ഉടമകളും തമ്മിൽ വാക്കേറ്റം പതിവാണ്. ചില കട ഉടമകൾ അരി അരിച്ചും മറ്റും നൽകാറുണ്ട്. അരിച്ചാലും പുഴുക്കട്ട മാത്രമേ പോകൂ. പുഴുക്കൾ അവശേഷിക്കും. അരിക്കുമ്പോൾ തൂക്കത്തിലുണ്ടാകുന്ന നഷ്ടം കട ഉടമകൾക്കും നഷ്ടമാണ് സമ്മാനിക്കുന്നത്.
അരിയുടെ തൂക്കം കൂട്ടാൻ ചാക്കിനു മുകളിൽ വെള്ളം നനയ്ക്കുന്നതാണ് പുഴു ശല്യം വർദ്ധിക്കാൻ കാരണം. മുമ്പൊക്കെ കടയിൽ മാസങ്ങൾ കേടുകൂടാതെ അരി ഇരിക്കുമായിരുന്നു. ഇപ്പോൾ ദിവസങ്ങൾക്കുള്ളിൽ പുഴു നിറയുകയാണ്. ഗോതമ്പിലും പുഴു ശല്യം വർദ്ധിച്ചിരിക്കുകയാണെന്ന് കട ഉടമകൾ പറയുന്നു.
വൈക്കത്ത് അരിയിൽ പുഴു ശല്യം കണ്ടെത്തിയതിനെത്തുടർന്ന് മറ്റു താലൂക്കുകളിലെയും അരിയുടെ ബാച്ച് നമ്പർ അധികൃതർ ശേഖരിച്ചിരുന്നു. എന്നാൽ, പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. പുഴുക്കലരിയിൽ ചെള്ളിന്റെ ശല്യമാണ് രൂക്ഷം. അരി വാങ്ങി വീട്ടിലെത്തുമ്പോഴേക്കും വാങ്ങുന്ന സഞ്ചിയുടെ പുറം നിറയെ ചെള്ളായിരിക്കും. വെയിലത്ത് ഉണക്കിയാൽ പോലും ചെള്ള് നശിക്കില്ലെന്ന് കാർഡ് ഉടമകൾ പറയുന്നു.
ഇ പോസ് മെഷീൻ സംവിധാനമായതിനാൽ കാർഡ് ഉടമകൾക്ക് ഏതു കടയിൽ നിന്നും സാധനങ്ങൾ കിട്ടും. മോശം അരി ഉണ്ടെന്ന് അറിഞ്ഞാൽ ആളുകൾ മറ്റു കടകളിലേക്കു പോകുമെന്ന ഭയത്താൽ വ്യാപാരികൾ ഇത്തരം സംഭവം പുറത്തറിയാക്കാറില്ല. ചാക്ക് പൊട്ടിച്ച ശേഷമാകും പുഴു ശല്യം കാണുക. പുഴു, ചെള്ള് ശല്യം മറച്ചു വച്ചു അരി വിൽപ്പന നടത്തുകയാണ് പല വ്യാപാരികളും.