കോട്ടയം: നഗരമദ്ധ്യത്തിലൂടെയൊരു മാലിന്യവാഹിനി. ശാസ്ത്രി റോഡിൽ നാഗമ്പടം ഓടയാണ് മാലിന്യം തിങ്ങിനിറഞ്ഞ നിലയിലുള്ളത്. നഗരത്തിലെ കെട്ടിടങ്ങളിലെ മാലിന്യക്കുഴലുകളും മറ്റ് ഓടകളിൽ നിന്നുള്ള മാലിന്യങ്ങളും എല്ലാ വന്നു പതിക്കുന്നത് ഇവിടെയ്ക്കാണ്. മലിനജജലത്തിനൊപ്പം പ്ലാസ്റ്റിക് കുപ്പികൾ, ഡയപ്പറുകൾ തുടങ്ങി എല്ലാ മാലിന്യങ്ങളും ഓടയിൽ കുന്നോളമുണ്ട്.
അതേസമയം നഗരമദ്ധ്യത്തിൽ നഗരസഭയുടെയും ഭരണസിരാകേന്ദ്രത്തിന്റെയും മൂക്കിന് കീഴെയാണ് ഇത്തരത്തിൽ മാലിന്യം തിങ്ങി നിറഞ്ഞു കിടക്കുന്നത്. പ്രദേശം കാട് പിടിച്ച് കിടക്കുന്നതിനാൽ, അധികമാരും ഇവിടേക്ക് ശ്രദ്ധിക്കാറില്ല. ശാസ്ത്രീ റോഡ് കുര്യൻ ഉതുപ്പ് റോഡിലെ കലുങ്കും തോടും നന്നാക്കിയെങ്കിലും ഇതിന് മറുവശം അധികൃതർ കണ്ടില്ലെന്ന് നടക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് ഈ ഭാഗത്തെ കലുങ്കും റോഡും മാത്രമാണ് നന്നാക്കിയത്. അതേസമയം, ഓടയിലെയും തോട്ടിലെയും മാലിന്യം നീക്കി വെള്ളമൊഴുക്ക് സുഗമാക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇത് വല്ലാത്ത ദുരിതം
തുറന്നു കിടക്കുന്ന ഓടയും തോടും നഗരവാസികൾക്കും പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് ദുരിതം സൃഷ്ടിക്കുന്നത്. അസഹനീയമായ ദുർഗന്ധവും ഇവിടെ നിന്ന് വമിക്കുന്നുണ്ട്. കൊതുക് പെരുകുന്നതിനും ഇടയാക്കുന്നു. മഴക്കാലത്ത് ഓട നിറഞ്ഞു കവിഞ്ഞ് മലിന ജലം റോഡിലേക്ക് ഒഴുകുന്നതിനും ഇടയാക്കുന്നു. പ്രദേശത്ത് രോഗസാധ്യതയുമേറി.