
കോട്ടയം: വെയിലും മഴയും മാറി മാറിയുള്ള കാലാവസ്ഥാ വ്യതിയാനം മിക്ക വിളകളിലും രോഗകാരണമായി. വാഴ, പച്ചക്കറി കൃഷികളിലാണ് കൂടുതൽ രോഗവ്യാപനം. മുഞ്ഞ, ഓലചീയൽ, കതിർവാട്ടം തുടങ്ങിയവ നെല്ലിനെയും പിടികൂടുന്നു.
കൊടുംചൂടിൽ തക്കാളി, പയർ, വെണ്ട, വഴുതന തുടങ്ങിയവയുടെ തൈകളിൽ വാട്ടംബാധിച്ചു. വാഴ കൃഷിയെയും കടുത്ത ചൂട് ബാധിച്ചു. ഫംഗസ് മൂലമുണ്ടാകുന്ന ഇലപ്പുള്ളി രോഗം വാഴയുടെ ഇലകളെ ബാധിച്ചു പുള്ളിക്കുത്തുകൾ ഉണ്ടാക്കുന്നു. അത് വളർന്നു വലിയ കറുത്ത പാടാകുന്നു. ക്രമേണ ഇലകൾ വാടി കരിഞ്ഞു പോകും. തളിരിലകളെയാണ് രോഗം കൂടുതൽ വ്യാപിക്കുന്നത്. ഇലകൾ നശിക്കുന്നതിന് പുറമേ രോഗ ബാധ വാഴത്തണ്ടിനെയും പ്രതികൂലമായി ബാധിക്കുന്നു. പുള്ളിക്കുത്തുകൾ ഉള്ള ഇലകൾ വെട്ടി വാഴയുടെ ചുവട്ടിൽ ഇടുന്നത് രോഗം മറ്റു ഭാഗങ്ങളിലേക്കും പടരാൻ കാരണമാകും. ചൂടു കൂടിയതോടെ ഫംഗസ് ബാധ രൂക്ഷമായി. രോഗം ബാധിച്ച വാഴകളിൽ കുലയുടെ വലിപ്പവും കുറയുന്നു. എട്ടു മാസം കൊണ്ട് കായ്ക്കുന്ന മഞ്ചേരി കുള്ളൻ, നാടൻ ഏത്തൻ എന്നിവയാണ് കൂടുതൽ കൃഷി ചെയ്യുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്ക് രോഗം മൂലം കൈ പൊള്ളി.
പുഞ്ചകൃഷിക്കും കാലാവസ്ഥ വ്യതിയാനം വില്ലനാകുകയാണ്. വിത കഴിഞ്ഞു കളനാശിനി തളിച്ചു പിറകേ കീടബാധയ്ക്കു മരുന്നു തളിക്കണം. ഇത് കൃഷിച്ചെലവ് വർദ്ധിപ്പിക്കുന്നു. മറ്റു രോഗങ്ങളും വരുന്നതോടെ ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കുന്നു. ഇത് കൃഷി വൻ നഷ്ടമാക്കുന്നു. കൊയ്തു കഴിഞ്ഞു നെല്ല് സപ്ലൈക്കോ സംഭരിച്ചാലും പണം കിട്ടാൻ മാസങ്ങളെടുക്കും. ഏക്കറിന് 22 ക്വിന്റലിൽ കൂടുതൽ വിളവ് ലഭിച്ചാൽ നെല്ല് സംഭരിക്കാൻ കൃഷി ഓഫീസറുടെ പ്രത്യേക അനുവാദം വേണം. സപ്ലൈക്കോയുടെ കൊച്ചി ഒാഫീസിൽ നിന്ന് അനുവാദം ലഭിച്ചാലേ കൂടുതൽ നെല്ല് ഉത്പാദിപ്പിച്ചവർക്ക് പണം ലഭിക്കൂ.
വേനൽ ശക്തമായാൽ റബറും ഇലപൊഴിക്കും. മഴ കൂടിയാൽ രോഗബാധയും ഉണ്ടാകും. ഇത് റബർ ഉത്പാദനത്തെയും ബാധിക്കും.
ഈ വർഷം മഞ്ഞു കുറഞ്ഞതും പല വിളകളിലും രോഗബാധയ്ക്കു കാരണമായി. മാമ്പൂക്കൾ വ്യാപകമായി കൊഴിഞ്ഞു മാങ്ങയുടെ ഉത്പാദനത്തെ ബാധിച്ചു. ചക്ക മുളപൊട്ടുന്നതും കുറഞ്ഞു. ഇത് മാങ്ങയുടെയും ചക്കയുടെയും ഉത്പാദനത്തെ ബാധിച്ചു.
ഉത്പാദനവും പ്രതിരോധശേഷിയും കൂടിയ വിത്തിനങ്ങൾ കർഷകർക്ക് ലഭ്യമാക്കണം. ചൂടിനെ പ്രതിരോധിക്കാൻ ഗാർഡൻ നെറ്റുകൾ സബ്സിഡിയിലൂടെ അനുവദിക്കണം. വിള നാശത്തിന് മതിയായ നഷ്ടപരിഹാരവും സർക്കാർ നൽകണം.
ഗോപിനാഥൻ (കർഷകൻ)