
കോട്ടയം: കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കുറവ് വന്നിട്ടും റബറിന് വില ഉയരാതിരിക്കാൻ ടയർലോബി കളി തുടങ്ങി.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആഗോളതലത്തിൽ തന്നെ റബറിന്റെ ഉത്പാദനം ഇടിയാൻ കാരണമായിട്ടുണ്ട്. തായ് ലൻഡിലും മലേഷ്യയിലും കനത്ത മഴ കാരണം വെട്ടു തടസപ്പെട്ടു. ഇത് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കാതിരിക്കാൻ വ്യാപാരികൾ വിപണിയിൽ ഇടപെടാതെ വിട്ടുനിൽക്കുകയാണ്. പകലും രാത്രിയും ചൂടു കൂടിയതോടെ റബർ മരങ്ങൾ ഇലപൊഴിച്ചു തുടങ്ങി. ഇതോടെ ടാപ്പിംഗ് കുറഞ്ഞു. ഡിമാൻഡ് കൂടുന്നതനുസരിച്ച് ഉത്പാദനം കുറഞ്ഞാൽ വില ഉയരേണ്ടതാണ്. എന്നാൽ ടയർ നിർമ്മാതാക്കൾ ഷീറ്റ് വില ഇടിക്കാൻ നീക്കം നടത്തി. ഉത്പാദനകുറവിനൊപ്പം ചരക്കുനീക്കവും ഇറക്കുമതിയും കുറഞ്ഞതിനാൽ റബർ വില ഉയരേണ്ടതാണ്. വ്യാപാരികൾ അതിന് സമ്മതിക്കുന്നില്ല.
വ്യത്യാസം: 5 രൂപ
റബർ ബോർഡ് വിലയും വ്യാപാരി വിലയും തമ്മിൽ കിലോയ്ക്ക് അഞ്ചു രൂപയുടെ വരെ വ്യത്യാസമുണ്ട്. ഷീറ്റിന്റെ ഗുണനിലവാരക്കുറവ് കാരണം സാധാരണ കർഷകർക്ക് ഉയർന്ന ബോർഡ് വില ലഭിക്കുന്നില്ല.
സബ്സിഡി നിലച്ചത് ഇരട്ടടിയായി
സർക്കാർ കുടിശിക വരുത്തിയതിനെ തുടർന്ന് വെബ് സൈറ്റ് പ്രവർത്തനം നിറുത്തിയതോടെ റബർ വില സ്ഥിരതാപദ്ധതിയിൽ ബില്ലുകൾ അപ് ലോഡ് ചെയ്യാനും കഴിയാതായി. നാലു ലക്ഷത്തോളം ബില്ലുകൾ അപ് ലോഡ് ചെയ്യാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ വട്ടംചുറ്റിയ സർക്കാർ വെബ്സൈറ്റ് പ്രവർത്തനമില്ലാത്തത് ചൂണ്ടിക്കാട്ടി സബ് സിഡി വിതരണം നീട്ടിക്കൊണ്ടുപോകുകയാണ്. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആർ.പി.എസ് നേതൃത്വത്തിൽ 10ന് സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങുകയാണ് കർഷകർ.
ഉത്പാദനം കുറഞ്ഞിട്ടും വില ഉയരുന്നില്ല. സബ്സിഡി കാശും കുടിശികയാണ്. വെബ്സൈറ്റ് പ്രവർത്തനവും സ്തംഭിച്ചു . കാഴ്ചക്കാരനെപ്പോലെ നിൽക്കുന്ന കർഷകർ കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ.
ജോയ് എബ്രഹാം (റബർ കർഷകൻ ) .
കച്ചവടം നടന്നത്
ആർ.എസ്.എസ് നാലാം ഗ്രേഡ് 155.50ലും അഞ്ചാം ഗ്രേഡ് 152ലും ഒട്ടുപാൽ 100 രൂപയിലും ലാറ്റക്സ് 104 രൂപയിലുമാണ്