പാലാ: എന്തിനിത് നിർമ്മിച്ചു, ആർക്കുവേണ്ടി നിർമ്മിച്ചു! അധികാരികൾക്ക് ഉത്തരമില്ല. പണിത് ബോർഡ് വെച്ചാൽ കംഫർട്ട് സ്റ്റേഷനാകില്ല. പാലാ സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്കായി പാർക്കിംഗ് ഗ്രൗണ്ടിൽ നിർമ്മിച്ച കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ സംഭവിച്ചതും ഇതാണ്.

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം കാടുപിടിച്ചിട്ടും അധികാരികളിൽ ഒരാൾപോലും തിരിഞ്ഞുനോക്കുന്നില്ല. അഞ്ച് മുറികളുള്ള ശൗചാലയം 5 ലക്ഷത്തിൽ പരം രൂപാ മുടക്കി നിർമ്മിച്ചതാണ്.

പാലാ നഗരസഭയുടെ ശുചിത്വമിഷൻ ഫണ്ട് വിനിയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം. 2019 ഓക്ടോബറിൽ നിർമ്മാണം പൂർത്തീകരിച്ച ശൗചാലയം ഒരു ദിവസംപോലും പ്രവർത്തിച്ചിട്ടില്ല. നഗരസഭ നിർമ്മിച്ച കെട്ടിടത്തിന്റെ ആവശ്യത്തിനായി ജല അതോറിട്ടി വെള്ളം നൽകാത്തതാണ് തടസത്തിന് കാരണം. ഇത് സംബന്ധിച്ച് നഗരസഭയും ജല അതോറിട്ടിയും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തത് പദ്ധതിക്ക് തിരിച്ചടിയായി. അധികൃതരുടെ പിടിവാശിക്കെതിരെ പൗരസമിതി പ്രവർത്തകനായ പി.പോത്തൻ വിവിധ വകുപ്പുകൾക്ക് പരാതി നൽകുകയും ആർ.ഡി.ഒ ഉൾപ്പെടെയുള്ള അധികാരികൾക്ക് മുമ്പിൽ ആവശ്യം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കേരളകൗമുദി ഉൾപ്പെടെ മാധ്യമങ്ങൾ പല തവണ വിഷയം ചൂണ്ടിക്കാട്ടിയതോടെ നഗരസഭാധികാരികൾ വിഷയത്തിൽ ഇടപെടുകയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ പ്രശ്‌നപരിഹാരത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല. ദിവസവും നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലും കോമ്പൗണ്ടിലുള്ള രജിസ്ട്രാർ ഓഫീസിലും എത്തുന്നത്. പ്രാഥമിക കാര്യങ്ങൾക്ക് പോലും സൗകര്യങ്ങളില്ലാത്തത് ഇവിടെ എത്തുന്നവരെ വലയ്ക്കുകയാണ്.

ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം

നിലവിൽ പ്രദേശം കാട് പിടിച്ച് കിടക്കുന്നതിനാൽ ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമാണ്.

കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചുകിടക്കുകയാണ്. ക്ലോസറ്റുകളും കോൺക്രീറ്റിംഗും സാമൂഹ്യവിരുദ്ധർ തകർത്ത അവസ്ഥയിലാണ്. കതകുകളും തകർന്നിട്ടുണ്ട്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പൗരസമിതി പ്രവർത്തകരായ പി.പോത്തൻ, സേബി വെള്ളരിങ്ങാട്ട്, ജെയിംസ് ചാലിൽ, ജോയി, ബേബി കീപ്പുറം, രാജു എന്നിവരുടെ നേതൃത്വത്തിൽ 19ന് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.