
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കോമ്പൗണ്ടിൽ ശ്മശാനം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിൽനിന്നുള്ള തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ശ്മശാനം ഉപയോഗിക്കാം. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ മന്ത്രി നിർദ്ദേശിച്ചു.
മെഡിക്കൽ കോളേജ് വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കും. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ മാലിന്യം നീക്കുന്നതിന് വാഹനം വാങ്ങാൻ യോഗം തീരുമാനിച്ചു. ഇതിനായി 20 ലക്ഷം രൂപ ചെലവഴിക്കും. വികസന സമിതി ഫണ്ട് കൂടി ചെലവഴിച്ച് ആശുപത്രിയിൽ ഗേറ്റ് നിർമ്മിക്കും. ഗൈനക്കോളജി വിഭാഗത്തിൽ പേയിംഗ് കൗണ്ടർ, സ്‌റ്റേഷനറി കൗണ്ടർ എന്നിവ ആരംഭിക്കും. കാർഡിയോളജി വിഭാഗത്തിലും പേയിംഗ് കൗണ്ടർ ആരംഭിക്കും. ഹൗസ് സർജൻമാർ, മറ്റു വിദ്യാർഥികൾ എന്നിവർക്ക് ഹോസ്പിറ്റൽ ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും. കാർഡിയോളജി വിഭാഗത്തിൽ എക്‌സിക്യൂട്ടീവ് ചെക്ക് അപ് സംവിധാനം ആരംഭിക്കും. പൊതുമേഖലയടക്കമുള്ള സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് (സി.എസ്.ആർ.) ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് ശ്രമിക്കാനും യോഗം തീരുമാനിച്ചു. സർജിക്കൽ സ്‌റ്റോർ, സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക്, കാർഡിയോജളി ബ്ലോക്ക് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇൻഫെഷ്യസ് ഡിസീസ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടികളായതായും യോഗം വിലയിരുത്തി.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, എന്നിവർ പങ്കെടുത്തു.