cm

ചങ്ങനാശേരി: ചങ്ങനാശേരി ഇനി പൊലീസിന്റെ നിരീക്ഷണ കണ്ണിൽ. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ക്യാമറകൾ പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തനോദ്ഘാടനം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക്, നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോണി, അഡീഷണൽ എസ്.പി വി.സുഗതൻ, ചങ്ങനാശേരി ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലുമായി 56 ഓളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി ടൗണിലും, പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെയും, മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ദൃശ്യങ്ങൾ ശേഖരിച്ച് പിന്തുടർന്ന് പൊലീസിന് പിടികൂടാൻ സാധിക്കും.